മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന് തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസയുടെ വെളിപ്പെടുത്തല്‍. കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയതെന്ന് ഹംസ പറഞ്ഞു. കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം ഭീഷണിമൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെമേല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായി. ഒരു കെപിസിസി സെക്രട്ടറിയും ഇതിന് പിന്നിലുണ്ടായിരുന്നു. ലീഗ് നേതൃത്വത്തിലുള്ള ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഹംസ വ്യക്തമാക്കി. പികെ കുഞ്ഞാലിക്കുട്ടി മഹാനായ നേതാവാണെന്നും ഹം അഭിപ്രായപ്പെട്ടു.
കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് കെ ഹംസ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഖാദര്‍ പിന്മാറിയാല് താനും മത്സരത്തില്‍ നിന്ന് പിന്മാറാം എന്നായിരുന്നു ഹംസയുടെ നിലപാട്. ഈ മാസം 27 ആയിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. എന്നാല്‍ ഹംസ പത്രിക പിന്‍വലിക്കാന്‍ തയ്യാറായില്ല. ഭൂരിപക്ഷം വര്‍ധിപ്പിച്ച് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ലീഗിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വം.
