ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്‍; 2017ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ക്‌ഹോം: ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ‘ലൈഗോ പരീക്ഷണം’ വിഭാവനം ചെയ്ത് നടപ്പാക്കിയതിനാണ് നൊബേല്‍ പുരസ്‌കാരം. റെയ്‌നര്‍ വീസ്, ബാരി ബ്രിഷ്, കിപ് തോണ്‍ എന്നിവരാണ് നൊബേലിന് അര്‍ഹരായത്. നൂറുവര്‍ഷം മുമ്ബ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെയാണ്, 2016 ഫെബ്രുവരിയില്‍ ലൈഗോ നിരീക്ഷണകേന്ദ്രം കണ്ടെത്തിയത്. ഏഴ് കോടി രൂപയോളം വരുന്ന സമ്മാന തുകയില്‍ പകുതി വീസിന് ലഭിക്കും, പകുതി മറ്റ് രണ്ടുപേരും പങ്കിടും. ‘ലൈഗോ ഡിറ്റെക്ടര്‍ സ്ഥാപിക്കുന്നതിനും ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തുന്നതിലും നല്‍കിയ നിര്‍ണായക സംഭാവനകള്‍’ മുന്‍നിര്‍ത്തിയാണ് മൂവര്‍ക്കും നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗാലക്‌സികള്‍ തമ്മില്‍ കൂട്ടിയിടിക്കുക, തമോഗര്‍ത്തങ്ങള്‍ പരസ്പരം നിഗ്രഹിച്ച് ഒന്നാവുക, ന്യൂട്രോണ്‍ താരങ്ങള്‍ കൂട്ടിമുട്ടുക തുടങ്ങി അത്യന്തം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങള്‍ അരങ്ങേറുമ്‌ബോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രകമ്ബനങ്ങള്‍, സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി പ്രകാശവേഗത്തില്‍ സഞ്ചരിക്കുമെന്നാണ് 1915ല്‍ ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചത്. അതാണ് ഗുരുത്വതരംഗങ്ങള്‍ ( Gravitational waves ). ഒരു നൂറ്റാണ്ടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റം വേണ്ടിവന്നു, ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താന്‍! 1994 ല്‍ അമേരിക്കയില്‍ ആരംഭിച്ച ‘ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍വേവ് ഒബ്‌സര്‍വേറ്ററി’ (LIGO) ആണ് ഗുരുത്വതരംഗങ്ങളെ ആദ്യമായി നിരീക്ഷിച്ചതും തിരിച്ചറിഞ്ഞതും. ഭൂമിയില്‍ നിന്ന് 290 കോടി പ്രകാശവര്‍ഷമകലെ രണ്ട് തമോഗര്‍ത്തങ്ങള്‍ അത്യന്തം സംഘര്‍ഷഭരിതമായി കൂടിച്ചേര്‍ന്നപ്പോഴുണ്ടായ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോയ കാര്യം ‘ലൈഗോ’ രേഖപ്പെടുത്തുകയായിരുന്നു. ആയിരത്തോളം ഗവേഷകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. അതിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ( MIT ) എമിറൈറ്റ്‌സ് പ്രൊഫസറായ വീസ്, ലൈഗോ ഡിറ്റെക്ടര്‍ വിഭാവനം ചെയ്യുന്നതിലും രൂപകല്‍പ്പനയിലും ഫണ്ടിങിലും പ്രധാന പങ്ക് വഹിച്ചു. കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ( കാല്‍ടെക് ) ഗവേഷകനായ കിപ് തോണ്‍, ഗുരുത്വതരംഗം എങ്ങനെ കണ്ടെത്താം എന്നത് സംബന്ധിച്ച സൈദ്ധാന്തിക സംഭാവനകള്‍ നല്‍കി. കാല്‍ടെകിലെ ഗവേഷകനായ ബാരിഷ്, ലൈഗോ പദ്ധതി നടപ്പില്‍ വരുത്തുന്നതില്‍ പ്രധാന സംഭാവന നല്‍കി. ലൈഗോ പദ്ധതിയുടെ രണ്ടാമത്തെ ഡയറക്ടറായിരുന്നു ബാരിഷ്. ലൈഗോ പദ്ധതിയില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍ സ്‌കോട്ടിഷ് ഗവേഷകനായ റൊണാള്‍ഡ് ഡ്രെവര്‍ ആയിരുന്നു. ഗുരുത്വതരംഗം കണ്ടെത്തി 18 മാസം കഴിഞ്ഞപ്പോള്‍ ഡിമെന്‍ഷ്യ രോഗത്താല്‍ അദ്ദേഹം അന്തരിച്ചു. മരണശേഷം നൊബേല്‍ നല്‍കാറില്ല. അമേരിക്കയില്‍ ഹാന്‍ഫോര്‍ഡിലുള്ള ലൈഗോ ഡിറ്റെക്ടറിന്റെ ഭാഗം. നാലു കിലോമീറ്റര്‍ നീളം ഇതിനുണ്ട്. ചിത്രം കടപ്പാട്: LIGO lab

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലൈഗോ പദ്ധതിയില്‍ നിലവില്‍ രണ്ട് നിരീക്ഷണകേന്ദ്രങ്ങളാണുള്ളത്അമേരിക്കയില്‍ പടിഞ്ഞാറന്‍ വാഷിങ്ടണിലെ ഹാന്‍ഫോഡിലും, ലൂസിയാനയിലെ ലിവിങ്ടണിലും സ്ഥാപിച്ചിട്ടുള്ളവ. ലെഗോയുടെ മൂന്നാമത്തെ നിരീക്ഷണകേന്ദ്രം വരുന്നത് ഇന്ത്യയിലാണ്. ഭൂഗോളത്തിന്റെ മറുഭാഗത്ത് മൂന്നാം പരീക്ഷണശാല വരുന്നതോടെ, ഓരോ തവണ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നു പോകുമ്‌ബോഴും മൂന്ന് നിരീക്ഷണം വീതം ലൈഗോയ്ക്ക് സാധ്യമാകും. ‘ഗ്രാവിറ്റേഷണല്‍ അസ്‌ട്രോണമി’ (Gravitational Atsronomy) എന്ന പുത്തന്‍ പഠനമേഖലയില്‍ ലോകോത്തര ഗവേഷണം നടത്താനുള്ള അവസരം ‘ലൈഗോഇന്ത്യ’ വഴി ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *