ജനരക്ഷായാത്രയിലെ കൊലവിളി മുദ്രാവാക്യം; കേസ് എടുക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍ ജനരക്ഷായാത്രയില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപി നേതാവ് വി മുരളീധരന്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചിരിക്കുകയാണ്. നേതാക്കളുടെ പ്രോല്‍സാഹനത്തോടെയാണ് ജനരക്ഷയാത്രയില്‍ കൊലവിളി നടത്തിയതെന്ന് ഇത് വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ യാത്രയിലുടെ ബിജെപി നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാനാണ് ആഹ്വാനം ചെയ്യുന്നത്. സിപിഐ എമ്മിനെതിരെ പെരുംനുണപ്രചരിപ്പിച്ചു ദേശിയ അധ്യക്ഷന്‍ അമിത്ഷായും യുപിമുഖ്യന്ത്രി യോഗി ആദിത്യനാഥ് വന്നിട്ടും ജനരക്ഷായാത്രയെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് അവരെകുറിച്ച് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് .

സംഘപരിവാരത്തിനെ പ്രതിരോധിക്കാന്‍ സിപിഐ എമ്മിന് മാത്രമേ സാധ്യമാവുവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഫാസിസ്റ്റുകള്‍ക്കെതിരെയുളള പ്രതിരോധം ശക്തിപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

സിപിഐ എമ്മിനെതിരെ രാജ്യവ്യാപകമായി ബിജെപി നടത്തുന്ന കള്ളപ്രചാരണങ്ങളെ തുറന്നുകാണിക്കാന്‍ 9ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ അന്ന് ചേരുന്ന സത്യഗ്രഹത്തില്‍,ആര്‍എസ്എസ് കൊലകത്തിക്കിരയായവരുടെ കുടുംബാംഗങ്ങള്‍,അക്രമത്തില്‍ മാരകമായി പരിക്കേറ്റവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കലാകാരന്മാര്‍ ഫാസിസ്റ്റ് വിരുദ്ധ രചനകള്‍ അവതരിപ്പിക്കും. ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എല്ലാവിഭാഗം ജനങ്ങളെയും രാഷ്ട്രിയഭേദമന്യേ പരിപാടിയിലേക്ക് പി ജയരാജന്‍ ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *