പത്തനംതിട്ട: ശബരിമല സന്നിധാനത്തെയും പരിസരങ്ങളിലെയും ശുചീകരണ പ്രവൃത്തികള്‍ അയ്യപ്പസ്വാമിക്കുള്ള അര്‍ച്ചനപോലെ വിവിധ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന കാലയളവില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തീര്‍ഥാടനം സുഗമമാക്കിയ ബോര്‍ഡിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ഭക്തജന സംഘടനകള്‍, വിവിധ വകുപ്പ് മേധാവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണം ഈ നേട്ടത്തിന് സഹായകരമായി. എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു?.ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
അടുത്ത ശബരിമല സീസണിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായി നടയടയ്ക്കുന്നതിനു മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 23നകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ശബരിമല സാനിട്ടേഷന്‍ സമിതി, മാതാ അമൃതാനന്ദമയീ മഠം, അഖില ഭാരതീയ അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, കല്‍ക്കി മാനവസേവാ സമിതി തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശബരിമല സന്നിധാനം, കിഴക്കുഭാഗം, മാളികപ്പുറം, ശബരി ഗസ്റ്റ് ഹൗസ്, ചന്ദ്രാനന്ദന്‍ റോഡ്, ഫോറസ്റ്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പരിസരം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ അയ്യപ്പസേവാ സമാജത്തിന്റെ 625 വോളണ്ടിയര്‍മാരും നീലിമല, ഭസ്മക്കുളം, സ്വാമി അയ്യപ്പന്‍ റോഡ്, ജ്യോതിനഗര്‍, ഗണപതി കോവില്‍ എന്നിവിടങ്ങളില്‍ അയ്യപ്പസേവാ സംഘത്തിന്റെ 350 വോളണ്ടിയര്‍മാരും പമ്പയും പരിസര പ്രദേശങ്ങളും കല്‍ക്കി മാനവസേവാ സമിതിയുടെ 400 പ്രവര്‍ത്തകരും നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയും ദേവസ്വം ബോര്‍ഡ് ജീവനക്കാരും ശുചീകരണം നടത്തും.
തീര്‍ഥാടകരുടെ കെട്ടു നിറയ്ക്കലില്‍ പ്ലാസ്റ്റിക് കടന്നുവരാതിരിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുരുസ്വാമിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കിയിട്ടുണ്ട്. ശുചീകരണത്തിനായി മുഴുവന്‍ സമയവും വാളണ്ടിയര്‍മാരെ നിയോഗിക്കും. സന്നിധാനത്തും പമ്പയിലും കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും.പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ കോമണ്‍ ഗ്യാസ് സ്റ്റോറേജ് ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ശബരിമല പൂങ്കാവനത്തിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ സമീപ പ്രദേശങ്ങളെകൂടി ഉള്‍പ്പെടുത്തും. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ക്ലോറിനേഷന്‍ കാര്യക്ഷമമാക്കും. ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ അധ്യക്ഷനായി കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമല തീര്‍ഥാടന കാലയളവില്‍ എരുമേലി പഞ്ചായത്തില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതായും ഈ മാസം 31 നകം ജില്ലയിലെ ശബരിമല ഇടത്താവളങ്ങള്‍ പൂര്‍ണമായും ശുചീകരിക്കുമെന്നും കോട്ടയം ആര്‍.ഡി.ഒ കെ.എസ് സാവിത്രി യോഗത്തെ അറിയിച്ചു. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപോയഗിക്കുന്നതു തടയണമെന്നും ഫയര്‍ ആന്റ് റസ്‌ക്യു അധികൃതര്‍ യോഗത്തെ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ശരംകുത്തിയിലും ശബരീപീഠത്തും ആര്‍.ഒ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ യോഗത്തെ അറിയിച്ചു. ദേവസ്വം ബോര്‍ഡംഗം പി.കെ കുമാരന്‍, സെക്രട്ടറി വി.എസ് ജയകുമാര്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് പി.ഗോപകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ റ്റി.എസ് സേവ്യര്‍, അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എം.വേലായുധന്‍ നായര്‍, അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി എന്‍.രാജന്‍, അമൃതാനന്ദമയീമഠം പ്രതിനിധി സ്വാമി തപസ്യാനന്ദ, വിവിധ വകുപ്പ് മേധാവികള്‍, ഭക്തജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
