മുംബയിലെ തകര്‍ന്ന പാലം സൈന്യം പുനര്‍നിര്‍മിക്കും

മുംബയ്: കനത്ത മഴയെ തുടര്‍ന്ന് എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്ന നടപ്പാത 2018 ഫെബ്രുവരിയോട് കൂടി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സെപ്തംബര്‍ 29ന് നടപ്പാതയുടെ മേല്‍ക്കൂര തകര്‍ന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 22 പേര്‍ മരണപ്പെട്ടിരുന്നു. സൈന്യത്തിന്റെ എന്‍ജീനിയറിംഗ് വിഭാഗമാണ് പുതിയ പാലം നിര്‍മിക്കുകയെന്നും ഫഡ്‌നവിസ് വ്യക്തമാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും സംഭവ സ്ഥലം ഇന്ന് സന്ദര്‍ശിച്ചു. ഇത് കൂടാതെ കുറി റോഡിനും ആംബിവാലി സ്റ്റേഷനും ഇടയില്‍ നടപ്പാതയോട് കൂടിയ രണ്ട് മേല്‍പാലം കൂടി സൈന്യം നിര്‍മിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

മുംബയിലെ ഏറ്റവും പഴക്കം ചെന്ന കാല്‍നടപ്പാലങ്ങളിലൊന്നായിരുന്നു എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാത. അപകടാവസ്ഥയിലുള്ള പാലം നവീകരിക്കണമെന്ന് ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിനോട് നിസംഗ മനോഭാവം പുലര്‍ത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.

ട്രെയിന്‍ യാത്രക്കാര്‍ക്കായി ആറ് മേല്‍പാലങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുംബയ് ഘടകം പ്രസിഡന്റ് ആശിഷ് ഷേലാര്‍ നേരത്തെ നിര്‍മലാ സീതാരാമനെ കണ്ടിരുന്നു. സൈന്യത്തിന്റെ സഹായത്തോട് കൂടി പാലങ്ങള്‍ നിര്‍മിക്കണമെന്നായിരുന്നു ആശിഷിന്റെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് സൈന്യത്തിന്റെ സേവനം വിട്ടുനല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. നിലവിലെ പാലത്തിന് എല്‍ഫിന്‍സ്റ്റണ്‍ നടപ്പാതയ്ക്ക് പകരം 12 മീറ്റര്‍ വീതിയുള്ള സമാന്തര മേല്‍പാലം നിര്‍മിക്കാന്‍ പശ്ചിമ റെയില്‍വേ ടെണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി മദ്ധ്യറെയില്‍വേ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *