മാനന്തവാടി: വയനാട്ടിലെ വയലേലകള്‍ വാഴക്കൃഷിക്ക് വഴിമാറിയെന്ന് വിലപിക്കുമ്പോള്‍ നെല്‍കൃഷി ചെയ്യാന്‍ കരയും ധാരളമാണെന്ന് തെളിയിക്കുകയാണ് കല്ലോടിയിലെ ഈ കര്‍ഷകന്‍. കര നെല്‍കൃഷിയില്‍ ആദ്യപാഠം രചിക്കുകയാണ് ആയിലമൂല നിരപ്പുതൊട്ടിയില്‍ മാത്യു. കൂട്ടായി ഭാര്യ ഹെലനുമുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് കാട് പടര്‍ന്ന് പന്തലിച്ച കല്ലോടിആയിലമൂല റോഡിനോട് ചേര്‍ന്ന മൂന്ന് ഏക്കറിലിപ്പോള്‍ കതിരിടാന്‍ തുടങ്ങിയ നെല്‍ചെടികളാണ്. കാടുമൂടിയ സ്ഥലം ഹിറ്റാച്ചികൊണ്ട് നെല്‍കൃഷിക്കായി പകപ്പെടുത്തി. അന്നപൂര്‍ണ വിത്ത് വിതച്ചു. കൃഷിഭവന്‍ മുഖേനയാണ് വിത്ത് ലഭിച്ചത്. ജൈവ കൃഷിയാണ്. ഗോമൂത്രം, ചാണകം, ശര്‍ക്കര, ചെറുപഴം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയുടെ മിശ്രിതങ്ങള്‍ പാകപ്പെടുത്തിയാണ് വളമാണ്. മാത്യുവിന്റേയും ഹെലന്റെയും കഠിനാധ്വാനത്താല്‍ കുന്നിന്‍മുകളില്‍ നെല്‍ചെടികള്‍ പച്ചവിരിച്ചു.
ഡല്‍ഹിയിലെ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജോലി ഉപേക്ഷിച്ചാണ് സയന്‍സ് ബിരുദധാരിയായ മാത്യു കൃഷിയിലേക്കിറങ്ങിയത്. ഇഞ്ചി കൃഷി നടത്തിയായിരുന്നു തുടക്കം. ആരംഭത്തില്‍ മികച്ച വരുമാനം ലഭിച്ചെങ്കിലും പിന്നീട് നഷ്ടത്തിലായി. കടം വര്‍ധിച്ചു. വീട് നിര്‍മാണത്തിനായി ഇറക്കിയ കല്ലുകള്‍വരെ വിറ്റു. എന്നാലും കൃഷി ഉപേക്ഷിച്ചില്ല. സ്വന്തമായി അഞ്ചേക്കറോളം കൃഷിയിടമുണ്ട്. വയലിലും നെല്‍ കൃഷിയുണ്ട്. കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ വിളകളുമുണ്ട്. കരനെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് നേരത്തെ കശുമാവും റബറുമായിരുന്നു.
ഇവ രണ്ടും നഷ്ടത്തിലായതോടെ മുറിച്ചു മാറ്റി. പിന്നീട് സ്ഥലം കാടുമൂടി. ഇത് പാകപ്പെടുത്തിയാണ് ആദ്യമായി കരനെല്‍കൃഷി തുടങ്ങിയത്. വയലിലെ കുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കുന്നിന്‍ മുകളിലെ നെല്‍കൃഷിയിടത്തില്‍ എത്തിക്കും. സ്ഥലത്ത് വിളകള്‍ മാറി കൃഷിചെയ്യുന്നതാണ് ഈ കര്‍ഷകന്റെ രീതി. കരനെല്‍കൃഷി വിളവെടുത്താല്‍ ഇവിടെ പയര്‍ കൃഷി ആരംഭിക്കും. പിന്നീട് വീണ്ടും നെല്‍കൃഷി ചെയ്യുമെന്നും മാത്യു പറയുന്നു. കഴിഞ്ഞ ജൂണിലാണ് കരനെല്‍കൃഷി ആരംഭിച്ചത്.
ഡിസംബറില്‍ വിളവെടുക്കാനാവും. സംസ്ഥാന സര്‍ക്കാരിന്റെ നെല്‍കൃഷി പ്രോത്സാഹന പദ്ധതിയും ഹെക്ടറിന് 13,600 രൂപ സാമ്പത്തീക സഹായം കിട്ടുമെന്നതും കരനെല്‍കൃഷക്ക് പ്രേരണയായി. എടവക കൃഷിഭവനിലെ കൃഷി ഓഫീസര്‍ മമ്മൂട്ടിയും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുഭാഷും എല്ലാവിധ സഹായങ്ങളുമായുണ്ട്.
