അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില്‍ അഭിമാനപോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒന്‍പതു തീയതികളിലും എത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായ്ക്കും തിരിച്ചടിയാകുമെന്നതിനാല്‍ നേതൃത്വം അതീവ ജാഗ്രതയിലാണ്. പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുക. സംസ്ഥാനത്തുടനീളം ഷാ പര്യടനം നടത്തും. കച്ചിലെ ഗാന്ധിധാം, മോര്‍ബി, സുരേന്ദ്ര നഗര്‍, ഭാവ്‌നഗര്‍, ബൊട്ടാഡ്, ആംറേലി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണു നാലാം തീയതി ഷാ സന്ദര്‍ശനം നടത്തുക.
അഞ്ചിന് വല്‍സദ്, നവ്‌സരി, ദാങ്, പഞ്ച്മഹല്‍, ദഹോദ്, സബര്‍കാന്ത, ആരാവല്ലി ജിലഌകളും ഏഴിന് രാജ്‌കോട്ട്, സൂറത്തിലെ നഗരങ്ങള്‍ എന്നിവ സന്ദര്‍ശിക്കും.
സൂറത്തില്‍ വജ്ര, വസ്ത്ര വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും. നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയ പ്രാധാന്യമുണ്ട്. തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ബിജെപി അധ്യക്ഷനുമായി ചര്‍ച്ച ചെയ്യുമെന്നു വ്യാപാരികള്‍ അറിയിച്ചു. മാത്രമല്ല, സംവരണ വിഷയവുമായി ബന്ധപ്പെട്ടു പട്ടേല്‍ സമുദായവുമായി അകല്‍ച്ചയിലായ ബിജെപിക്കു വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
തിരഞ്ഞെടുപ്പിനു മുന്‍പു പട്ടേല്‍ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാനും അമിത് ഷാ ശ്രമിക്കും.
