ടോക്കിയോ: ഏഷ്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ മുന്നറിയിപ്പുമായി രംഗത്ത്. ഏകാധിപതികളാരും അമേരിക്കയെ ചെറുതായി കാണേണ്ടതില്ലെന്നും, യുഎസിന് എന്നും വിജയം മാത്രമാണ് ശീലമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഞായറാഴ്ച ടോക്കിയോയ്ക്കു സമീപമുള്ള യൊകോട്ട എയര്‍ ബേസില്‍ വന്നിറങ്ങിയതിനു പിന്നാലെയായിരുന്നു ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ഉന്നമിട്ടുള്ള ട്രംപിന്റെ പരോക്ഷമായ പ്രസ്താവന അറിയിച്ചത്. അഞ്ചു രാജ്യങ്ങള്‍ നീളുന്ന ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യ പാദ സന്ദര്‍ശനത്തിനാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാന് കൂടാതെ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ട്രംപ് സന്ദര്‍ശിക്കുന്നുണ്ട്.
‘ആരും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിന്റെ ദൃഢനിശ്ചയത്തെ ചെറുതായി കാണേണ്ടതില്ല’ യൊകോട്ട എയര്‍ ബേസില്‍ ആവേശത്തോടെ സ്വീകരിച്ച യുഎസ് ജപ്പാന് സൈനികരെയും സ്ത്രീകള്‍ നിറഞ്ഞ ആള്‍ക്കൂട്ടത്തെയും സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
ചരിത്രത്തില്‍ ഇടയ്ക്കൊക്കെ യുഎസിനെ ചെറുതായി കാണുന്ന ശീലം അവര്‍ക്കുണ്ട്. അത് അവര്‍ക്കു നല്ലതായി ഒരിക്കലും വന്നിട്ടുമില്ല, പൗരന്മാരുടെ സുരക്ഷയും യുഎസിന്റെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും യുഎസ് നില്‍ക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.
എക്കാലത്തും ജയിച്ചു മാത്രമാണ് യുഎസ് സായുധ സൈന്യത്തിനു ശീലമെന്നും ഉത്തര കൊറിയയുടെ പേരെടുത്തു പറയാതെ ട്രംപ് ഓര്‍മിപ്പിച്ചു. എന്നും, എന്നും ജയിച്ചാണു ശീലമെന്നും ട്രംപ് പറഞ്ഞു. യുഎസ് സായുധ സൈന്യത്തിന്റെ പാരമ്ബര്യം എന്നും വിജയമാണ്. ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനും അവര്‍ക്കു നീതി ലഭ്യമാക്കുന്നതിനുമായി നിലകൊള്ളുന്ന സൈന്യമാണു തങ്ങളുടേതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ജപ്പാനും കഴിഞ്ഞ ആറു ദശാബ്ദമായി മേഖലയിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഖ്യമാണെന്നും, ഇരു രാജ്യങ്ങളാണ് കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും എക്കാലവും ആധിപത്യം നിലനിര്‍ത്തുന്നതെന്നും ട്രംപ് പറഞ്ഞു. ജപ്പാനിലെ സൈനികര്‍ക്ക് കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
ഉത്തര കൊറിയ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കുന്നതിനു ജപ്പാനും ദക്ഷിണ കൊറിയയ്ക്കും കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. സൈനികരെ അഭിസംബോധന ചെയ്തശേഷം ട്രംപ് വടക്കന്‍ ടോക്കിയോയിലെ ഗോള്‍ഫ് കോഴ്സിലേക്കു പോയി.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.
