സര്‍ഗസംഗമം: തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവച്ച് എഴുത്തുകാരികള്‍

തിരൂര്‍-പ്രതിബന്ധങ്ങള്‍ക്കിടയിലും സര്‍ഗശേഷിയുടെ അഗ്നിജ്വാലകളുമായി എഴുത്തുകാരികളായി മാറിയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ തിരൂരില്‍ നടന്ന സാഹിത്യകാരികളുടെ സര്‍ഗസംഗമത്തിന്റെ വേദി പുതിയ അനുഭവമായി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമത്തിലെ രണ്ടാം ദിവസം തമിഴ്, കന്നട, മലയാള സാഹിത്യരംഗത്തെ ഒന്‍പത് പേരാണ് സ്ത്രീ എന്ന നിലയിലുള്ള പരിമിതികള്‍ അതിജീവിച്ച് മുഖ്യധാരാ എഴുത്തുകാരായി മാറിയതിന്റെ ആത്മാനുഭവങ്ങള്‍ തുറന്നിട്ടത്. സംഗമം ഇന്ന് സമാപിക്കും.

ജീവിതത്തിലും സാഹിത്യത്തിലും സ്ത്രീയെ സമൂഹം നിശബ്ദയാക്കുകയാണെന്ന് ആദ്യ സെഷനില്‍ ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ചുകൊണ്ട് പ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചന്ദ്രമതി പറഞ്ഞു. പ്രതിഷേധങ്ങള്‍ വിഫലമായിപ്പോകുന്ന സമൂഹത്തിലാണ് ജീവിക്കുന്നത്. ആദ്യകഥ പ്രസിദ്ധീകരിച്ചപ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞു. സമൂഹത്തിന്റെ എതിര്‍പ്പുകളെ കളിയാക്കിക്കൊണ്ട് നേരിട്ടു. കഥാപാത്രങ്ങള്‍ എഴുത്തുകാരിയെ തേടിവന്നിട്ടുണ്ട്. സര്‍ഗാത്മകതയുടെ അദൃശ്യകരങ്ങള്‍ ഉള്ളിടത്തോളം എഴുത്തുകാരിയായി തുടരും.

പുറത്തേക്ക് മനസാ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യമായിട്ടാണ് എഴുത്തിനെ കണ്ടിരുന്നതെന്ന് സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ പ്രൊഫ. പി. ഗീത പറഞ്ഞു. ഗ്രാമീണ അനുഭവങ്ങളും കൗമാര കൗതുകങ്ങളുമാണ് തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയത്. ബന്ധുവായ വലിയ എഴുത്തുകാരന്‍ ജീര്‍ണിച്ച ശവശരീരമായി മാറിയതിന്റെ അനുഭവം പ്രമാണിത്തങ്ങളുടെ നിസാരത അനുഭവപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

ഇന്നും ആത്മവിശ്വാസമില്ലാത്ത എഴുത്തുകാരിയാണ് താനെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. അന്തര്‍മുഖത ഇപ്പോഴുമുണ്ട്. ആചാരബദ്ധമായ മതം സ്ത്രീക്ക് എന്നും തടവറയാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ ഇരയാവുന്ന പുരുഷനോട് സഹതാപമാണ്. പൊരുതിനേടിയതാണ് എഴുത്തുജീവിതം. ശരിയെന്ന് തോന്നിയത് പറയാന്‍ മനസ്സുണ്ടാകണം. ആത്മസംഘര്‍ഷങ്ങളെ നേര്‍ക്കുനേര്‍ കാണുമ്പോഴാണ് എഴുത്തുകാരി ജനിക്കുന്നത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള സമവാക്യങ്ങള്‍ രൂപപ്പെടുന്നത് അധികാരത്തിനനുസരിച്ചാണെന്ന് കന്നട എഴുത്തുകാരി ഡോ. എല്‍.ജി. മീര പറഞ്ഞു. വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി കൃതികളെ സമീപിക്കുന്ന രീതി മാറണമെന്ന് യുവകവയിത്രി ബിന്ദുകൃഷ്ണന്‍ വ്യക്തമാക്കി. ആന്തരികമായ പ്രതിരോധമാണ് എഴുത്തിലൂടെ നിര്‍വഹിക്കുന്നത്.

കന്നട എഴുത്തുകാരി ഡോ. എച്ച്.എസ്. അനുപമ തമിഴ് എഴുത്തുകാരികളായ കെ.വി. ഷൈലജ, ഡോ. ടി. വിജയലക്ഷ്മി, ഡോ. ജയന്തശ്രീ ബാലകൃഷ്ണന്‍ എന്നിവരും എഴുത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. വിവിധ സെഷനുകളില്‍ ഡോ. രോഷ്‌നി സ്വപ്ന, കെ.എസ്. രാഗിണി, ഡോ. ജി. സജിന, ഡോ. സ്മിത കെ. നായര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. തുടര്‍ന്ന് പ്രസിദ്ധ നര്‍ത്തകി പല്ലവി കൃഷ്ണന്റെ നൃത്തപരിപാടി അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *