കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്കി. കര്‍ശന വ്യവസ്ഥകളോടെയാണ് നാല് ദിവസത്തേക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്പോര്‍ട്ട് മടക്കി നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദിലീപിന് ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ ഇന്ന് അറിയിച്ചിരുന്നു. ദുബായില്‍ പോകാന്‍ അനുവദിച്ചാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദിലീപിന്റെ ഹോട്ടല്‍ ശൃംഖലയായ ദേ പൂട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോവാനാണ് അനുമതി തേടിയിരുന്നത്.
ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനം.കേസില്‍ റിമാന്റില്‍ ആലുവ സബ്ജയില്‍ കഴിയുകയായിരുന്ന ദിലീപിന് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയതോടെ താരത്തിന്റെ പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കോടതിയില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. നടന് ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.11 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുളളത്.
