സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം റദ്ദാക്കി

കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കോടതി അന്വേഷണവും പരാതിയും റദ്ദാക്കിയത്. കെടിഡിഎഫ്‌സി എംഡി ആയിരിക്കെ വായ്പ അനുവദിച്ചതില്‍ സെന്‍കുമാര്‍ ക്രമക്കേട് കാട്ടിയെന്ന പരാതിയും അതിന്‍മേലുള്ള അന്വേഷണവുമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശി എജെ സുക്കര്‍ണോയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. സുപ്രിം കോടതി വിധിയിലൂടെ സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആയതുമുതല്‍ ചില ശക്തികള്‍ അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായും പരാതിക്കാരന്‍ അവരുടെ കൈയിലെ ഉപകരണമാണെന്നും കോടതി നിരീക്ഷിച്ചു.

 

 

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം തടയുക എന്ന ഉദ്ദേശത്തോടെയുള്ള പരാതി റദ്ദാക്കിയില്ലെങ്കില്‍ അത് നീതിനിര്‍വ്വഹണത്തിലെ വീഴ്ചയും നീതിനിഷേധവുമാകും. അത് എത്രയും വേഗമാകുന്നുവോ അത്രയും നല്ലത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

 
ദ്രുതപരിശോധനയുടെ പേരില്‍ നിയമനസാധ്യത തടസപ്പെടുത്തുന്നത് സെന്‍കുമാറിന് അപരിഹാര്യമായ നഷ്ടം ഉണ്ടാക്കും. നിയമനശുപാര്‍ശ വന്നിട്ട് ഒരുകൊല്ലമായിരിക്കെ ഇതിനകം നഷ്ടം സംഭവിച്ചിട്ടുണ്ട്. കോടതി വിലയിരുത്തി.
നേരത്തെ അന്വേഷിച്ച് അഴിമതി നിരോധനനിയമപ്രകാരം നടപടിക്ക് കാരണമില്ലെന്ന് കണ്ട പരാതിയില്‍ ചിലര്‍ തുടര്‍ച്ചയായി പരാതി നല്‍കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കാര്യക്ഷമതാ വിലയിരുത്തലില്‍ മുന്‍സര്‍ക്കാരുകള്‍ സെന്‍കുമാറിന് പത്തില്‍ പത്ത് മാര്‍ക്കും നല്‍കിയിട്ടുണ്ട്. കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *