ഓഖി ദുരന്തം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കന്യാകുമാരിയിലേക്ക് പോകും. നാളെ കേരളത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.

 

വൈകീട്ട് 4;30 ഓടെയാണ് മന്ത്രി പ്രത്യേക വിമാനത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രമന്തി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, വ്യോമ നാവിക സേന ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്. ഓഖി ദുരന്തം വിതച്ച് നാല് ദിവസത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള മന്ത്രിയുടെ സന്ദര്‍ശനം.
രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് വ്യോമ നാവിക സേന അധികൃതരുമായി പ്രതിരോധ മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മന്ത്രിമാരുമായും കളകടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. പിന്നീട് ഹെലികോപ്റ്ററില്‍ മന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കും. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങളും, ദുരിതബാധിതരെയും മന്ത്രി സന്ദര്‍ശിക്കും. ഇതിന് ശേഷം നാളെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി വിഴിഞ്ഞം, പൂന്തുറ എന്നീ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *