ഓഖി; അവസാനത്തെ ആളെ കണ്ടെത്തുംവരെയും തിരച്ചില്‍ തുടരും; നിര്‍മല സീതാരാമന്‍

തിരുവനന്തപുരം:ഓഖി ചുഴലികാറ്റ് കേരളത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ശക്മതായി നടക്കുകയാണെന്നും വിഴിഞ്ഞം സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിത മേഖല സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്.

 

കാണാതായ ബോട്ടുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സുനാമി ഉണ്ടായപ്പോള്‍ പോലുമില്ലാത്ത ജാഗ്രതയിലാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബോട്ടുകളില്‍ ഒരു ചിപ്പോ തിരിച്ചറിയാന്‍ പോന്ന എന്തെങ്കിലുമോ ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെയും തിരച്ചില്‍ തുടരും.

 

തിരച്ചിലിനാവശ്യമായ എന്ത് സഹായവും കേന്ദ്രം നല്‍കും. കോസ്റ്റ് ഗാര്‍ഡടക്കമുള്ളവര്‍ ആളുകളെ കണ്ടെത്താന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിച്ച ശേഷം പൂന്തറയിലും പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ദുരിതബാധിത മേഖല സന്ദര്‍ശനത്തിന് ശേഷം പ്രതിരോധമന്ത്രി മുഖ്യമന്ത്രിയെ കാണും.

Leave a Reply

Your email address will not be published. Required fields are marked *