തിരുവനന്തപുരം: കേരളം കണ്ട വലിയ ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടും പ്രദേശം സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതിന് തയ്യാറാകാതിരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് വലിയ വിമര്‍ശമേറ്റുവാങ്ങാന്‍ കാരണമായത്. ‘വൈകി വരുന്ന വിവേക’മാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായതടക്കം പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നത് എന്ന് വ്യക്തം. . പ്രകടനത്തിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്ന് ഭരണാധികാരികള്‍ക്ക് അവകാശപ്പെടാമെങ്കിലും ജനങ്ങള്‍ ആവശ്യപ്പെടുന്ന അവസരങ്ങളില്‍ അതതരം ‘മസില്‍ പിടുത്തങ്ങള്‍’ വിലപ്പോകില്ലെന്നാണ് വിഴിഞ്ഞത്തെ പ്രതിഷേധം വ്യക്തമാക്കുന്നത്.
ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ വിഷയത്തിലും തോമസ്ചാണ്ടിയുടെ രാജിക്കാര്യത്തിലുമടക്കം ജനവികാരം പിണറായിക്ക് എതിരായത് വൈകിയെടുത്ത നിലപാടുകളാണ്. നിരവധി ഉപദേഷ്ടാക്കളുണ്ടായിട്ടും ഇക്കാര്യത്തില്‍ മാത്രം പിണറായി വിജയന് ശരിയായ ഉപദേശം ലഭിക്കുന്നില്ലെന്ന് വേണം കരുതാന്‍.
ഓഖി കൊടുങ്കാറ്റില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരെ കാണാന്‍ വിളിപ്പാടകലെയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താനുണ്ടായ കാലതാമസമാണ് ജനരോഷത്തിന് കാരണമായത്. എന്നാല്‍ സെക്രട്ടേറിയറ്റിലിരുന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നഷ്ടപരിഹാരവുമെല്ലാം പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും മുഖ്യനെതിരായ ജനരോഷത്തെ തടയാനാനായില്ല. ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍ ഒരു സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ചെയ്തുവെന്നത് സത്യം.
എന്നാല്‍ വൈകാര്യമായി വിഷയങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ജനവിഭാഗത്തെ സമീപിക്കുമ്പോള്‍ കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങളൊന്നും തന്നെ മുഖ്യമന്ത്രിയില്‍ നിന്നോ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നോ ഉണ്ടായില്ലെന്നാണ് കഴിഞ്ഞദിവസം വിഴിഞ്ഞത്തെ സംഭവം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കാണിച്ചുകൊടുത്തുവെന്നത് മറ്റൊരു വസ്തുത.
കഴിഞ്ഞ വ്യാഴാഴ്ച ദുരന്തമുണ്ടായപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രക്ഷാകപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന് നേതൃത്വം നല്‍കിയെന്നത് വസ്തുതയാണ്. വിവിധ മേഖലകളെ ഏേകാപിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തുജകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് തന്നെ മുഖ്യമന്ത്രി ഈ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കില്‍ തീരാവുന്നതേയുണ്ടായിരുന്നുള്ളൂ പ്രശ്‌നങ്ങള്‍.
അവിടെയാണ്മഴയേയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൈയ്യടി വാങ്ങിയതും. എന്നാല്‍ കനത്തമഴയായിരുന്നെങ്കിലും ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏര്യയിലെ രക്ഷാകകേന്ദ്രത്തിലെത്തിയിരുന്നെങ്കിലും പിണറായിക്ക് ഇപ്പോഴുണ്ടായ പ്രതിഛായ നഷ്ടം നികത്താമായിരുന്നു. ശനിയാഴ്ച വൈകുന്നേരം മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍ കഴിയുന്നവവര സന്ദര്‍ശിച്ച് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചുവെന്ന് പിണറായി വരുത്തി.
എന്നാല്‍ ഉറ്റവരുടെ മടങ്ങിവരവും കാത്ത് തീരങ്ങളില്‍ അലമുറയിടുന്നവര്‍ക്ക് അത് ആശ്വാസമായില്ല. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എത്തുന്നുവെന്ന വിവരം ലഭിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് പ്രചരിപ്പിക്കാന്‍ എതിരാളികള്‍ക്ക് സാധിക്കുകയും ചെയ്തു. പൊലീസിന്റെ വന്‍സുരക്ഷ ഒരുക്കിയുള്ള സന്ദര്‍ശനം. അവിടെ തന്നെ എല്ലാം പാളി. അതിനാലാണ് മുഖ്യമന്ത്രിക്ക് ഇത്രയും കനത്ത ജനരോഷം നേരിടേണ്ടിവന്നതും സ്വന്തം കാര്‍ ഉപേക്ഷിച്ച് അദ്ദേഹത്തിന് അവിടെ നിന്നും മടങ്ങേണ്ടിവന്നത്.
അവിടെയാണ് മുന്‍മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമെല്ലാം വിജയിച്ചതും. ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ പിണറായി വിജയന് കാട്ടിക്കൊടുത്തുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. പല സന്ദര്‍ഭങ്ങളിലും പിണറായി വിജയന്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ അദ്ദേഹത്തിന് തന്നെ ദോഷം ചെയ്യുന്നുവെന്നാണ് വിഴിഞ്ഞം സംഭവവും ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കില്‍ മല്‍സ്യത്തൊഴിലാളികള്‍ അദ്ദേഹത്തോട് ‘കടക്കുപുറത്ത്’ എന്ന് പറയില്ലായിരുന്നു.
