നോയിഡ: ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അമ്മയെയും മകളെയും ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് ശേഷം പതിനഞ്ച് വയസുകാരനായ മകനെ സ്ഥലത്തു നിന്നും കാണാതായത് കുടുതല്‍ ദുരൂഹത പടര്‍ത്തുന്നു. നോയിഡയ്ക്ക് സമീപം ഗൗര്‍ പട്ടണത്തിലെ ഫഌറ്റിന്റെ 14ാം നിലയിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ജലി അഗര്‍വാള്‍ (40), മകള്‍ കനിഹ (12) എന്നിവരാണ് മരിച്ചത്. അഞ്ജലിയുടെ മകന്‍ രാഘവിനെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്നില്ല.
ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ഫഌറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതില്‍ തകര്‍ത്ത് ഫ്‌ലാറ്റില്‍ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ശരീരത്ത് മുറിവുകളുണ്ടായിരുന്നു. രക്തംപറ്റിയ ക്രിക്കറ്റ് ബാറ്റും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ചാണ് മരിച്ചവരെ ആക്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. പോലീസ് അന്വേഷണം തുടരുകയാണ്.
