പാകിസ്ഥാന്‍: പിണങ്ങി കഴിയുന്ന കാമുകനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ 20 കാരിക്ക് വധ ശിക്ഷ. മുല്‍ത്താന്‍ സ്വദേശിനിയായ ഷമീറയെയാണ് (20) സദാഖാത് അലിയുടെ (23) കൊലപാതകത്തെ തുടര്‍ന്ന് മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. ആന്റി ടെററിസം കോടതിയുടേതാണ് (എ ടി സി ) ഉത്തരവ്.
പാകിസ്ഥാന്‍ ചരിത്രത്തില്‍ അപൂര്‍വമായാണ് സ്ത്രീകള്‍ ആസിഡ് ആക്രമത്തെ തുടര്‍ന്ന് ശിക്ഷക്ക് വിധേയമാകുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്ല മാലിക് പറഞ്ഞു.
2016 ലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കാമുകന്‍ തീരുമാനിച്ചതില്‍ മനം നൊന്താണ് യുവാവിന്റെ മേല്‍ ആസിഡ് ഒഴിച്ചതെന്ന് പെണ്‍കുട്ടിയെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. അലിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കണമെന്നേ ആഗ്രഹിച്ചുള്ളൂവെന്നും പെണ്‍കുട്ടി പറഞ്ഞു.
നേരത്തെ ഒക്ടോബറില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് യസ്മീന്‍ എന്ന സ്ത്രീയെ വധശിക്ഷക്ക് വിധിച്ചിരുന്നു.
