തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് കോണ്‍ഗ്രസ്സുകാരായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധം മത്സ്യ തൊഴിലാളികളുടെ പ്രതിഷേധമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും, സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പോലുമുണ്ടായില്ല എന്നത് ശുഭകരമല്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
പ്രകൃതിക്ഷോഭാനന്തര ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിക്കരുതെന്നും, തമിഴ്നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരള മുഖ്യമന്ത്രിയോട് ആ സമയത്ത് ആരായാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഉചിതമായില്ലെന്നും, ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് വരുന്നു എന്നറിഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസത്തിനിറങ്ങാന്‍ ട്വിറ്റ് ചെയ്ത മോഡിയുടെ നടപടിയോട് വിയോജിക്കുന്നില്ലെന്നും, അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് പ്രതിരോധസേനയുടെ സംവിധാനങ്ങള്‍ നല്‍കുന്നതിലും കേന്ദ്രമന്ത്രിമാരെ കേരളത്തിലേക്ക് അയക്കുന്നതിലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മാത്രമല്ല, മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനും ഉയര്‍ന്നതോതിലുള്ള മറ്റ് നഷ്ടപരിഹാര നടപടികള്‍ സ്വീകരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനകം തീരുമാനമെടുക്കുകയും പ്രത്യേകം പാക്കേജ് തയ്യാറാക്കുകയും ചെയ്തിരിക്കുകയാണ്. ഓഖി ചുഴലിദുരന്തത്തെ ദേശിയദുരന്തമായി പ്രഖ്യാപിച്ച് അനന്തരനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിക്ഷോഭംപോലെയുള്ള ദുരന്തങ്ങളെ നേരിടുന്നതില്‍ പ്രാദേശികം, രാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങള്‍ ഒന്നും പാടില്ലെന്നും, എന്നാല്‍, പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കളും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറെ കഷ്ടമാണെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
