തെരുവുനായ വിമുകത ഇന്ത്യ: സമര പരിപാടിക്ക് വി. എസിന്റെ പിന്തുണ

ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യക്ക് വേണ്ടിയുള്ള സമരപരിപാടിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍. സാധാരണക്കാരെയും പാവപ്പെട്ടവരെയും തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്‍ പ്രധാനമന്ത്രിക്ക് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ഉദ്ഘാടനം വി.എസ്. നിര്‍വഹിച്ചു.

ആലുവ പാലസില്‍ നടന്ന പരിപാടിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം മൂലം ജീവിതം വഴിമുട്ടിയ നിരവധി പേരുടെ സങ്കടകഥകള്‍ അടങ്ങിയ പത്ര റിപ്പോര്‍ട്ടുകള്‍ വി.എസിന് ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി സമര്‍പ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങള്‍ തെരുവുനായ്ക്കള്‍ ആക്രമിച്ച് കടിച്ചുകീറിയതും തെരുവുനായ്ക്കള്‍ മൂലം മരണമടഞ്ഞവരുടേയും മറ്റും വാര്‍ത്തകള്‍ കണ്ട വി.എസ്, തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

തെരുവുനായ വിമുകത കേരളത്തിനായി ജനസേവ ശിശുഭവന്‍ കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷംപേരുടെ ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതായി ജോസ്? മാവേലി പറഞ്ഞു. ജനസേവ ശിശുഭവന്റെയും തെരുവുനായ പീഡിത സംഘത്തിന്റെയും കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനഫലമായി പട്ടികടിയേറ്റ് ദുരിതമനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി കൊടുക്കുവാന്‍ സാധിച്ചു. തെരുവുനായ്ക്കളുടെ ആക്രമണം പതിന്മടങ്ങ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജനസേവ ശിശുഭവന്‍ തെരുവുനായ വിമുകത ഇന്ത്യ നടപ്പിലാക്കുക എന്ന രണ്ടാംഘട്ട സമരപരിപാടി ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *