കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയ 127 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തിച്ചു. കഴിഞ്ഞ രാവും പകലുമായി 11 ബോട്ടുകളിലായാണ് ഇത്രയധികം ആളുകളെ തിരിച്ചെത്തിച്ചത്. നാവിക സേനയാണ് ഇവരെ കണ്ടെത്തി തിരിച്ചെത്തിച്ചത്. മത്സ്യബന്ധനത്തിന് കൊച്ചിയില്‍ നിന്നു പോയ ഇവര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഇതില്‍ 14 പേര്‍ മലയാളികളും ഉള്‍ക്കൊള്ളുന്നുണ്ട്.
എന്നാല്‍ ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവരെ തിരഞ്ഞുള്ള നാവിക സേനയുടെ കപ്പലും വ്യോമസേനയുടെ വിമാനവും പുറപ്പെട്ടിട്ടുണ്ട്. ചെറുബോട്ടില്‍ പോയ 95 പേരോളം ഇനിയും തിരിച്ചെത്താനുണ്ട്. എന്നാല്‍ 285 പേരോളം എത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്കാ സഭയും പറയുന്നു.
ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40ലെത്തി. 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനി എട്ടു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്. എന്നാല്‍ തിരച്ചിലിനായി അയല്‍ രാജ്യങ്ങളുടെ സഹായമടക്കം ആവശ്യപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
ഓഖി ദുരന്തത്തില്‍പ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലത്തീന്‍ കത്തോലിക്കാ സഭ ഇന്നു പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുകയാണ്. പള്ളികളില്‍ പ്രത്യേക ശുശ്രൂഷകളും മരിച്ചവര്‍ക്കു വേണ്ടിയുള്ള അനുസ്മരണവും സംഘടിപ്പിച്ചിട്ടുണ്ട്. പൂന്തുറ സെന്റ് തോമസ് പള്ളിയില്‍ മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
