പട്‌ന : ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം. ആക്രമണം നടത്തിയ നക്‌സലുകള്‍ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ബിഹാറിലെ മസുധന്‍ റെയില്‍വേ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മസുദന്‍ ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം തുടരുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മാല്‍ഡാ ഡിആര്‍എമ്മിനെ വിളിച്ച് നക്‌സലുകള്‍തട്ടിയെടുത്ത അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. യാത്രക്കാരെല്ലാവും മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ , സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറായിട്ടില്ല.
ഇത്തരം സംഭവങ്ങള്‍ ബിഹാറില്‍ പതിവായിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, ഇരുപതോളം പേര്‍ വരുന്ന നക്‌സല്‍ സംഘം ബിഹാറിലെ ലഖിസാരൈ ജില്ലയില്‍ ഒരു ട്രെയിന്‍ തട്ടിയെടുത്തിരുന്നു.
