പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ നാല് അനുയായികള്‍ അറസ്റ്റില്‍. റാം റഹിമിനെ ശിക്ഷാ വിധി വന്നതിനു പിന്നാലെ പഞ്ചകുളയിലും സമീപപ്രദേശങ്ങളിലും കലാപമുണ്ടാക്കിയതിനാണ് ഗുര്‍മീതിന്റെ അനുയായികള്‍ക്കെതിരായ കേസ്. വിധിയില്‍ പ്രതിഷേധിച്ച് ട്രെയിനുകള്‍ കത്തിച്ചവരെയാണ് റെയില്‍വേ പോലീസും ഡല്‍ഹിയിലെ സ്‌പെഷല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. വിജയ് മാലിക്, ബിര്‍ സിംഗ്, കന്‍ഹിയ ലാല്‍ മിത്തല്‍, ഹര്‍ജീത് സിംഗ് എന്നിവരെയാണ് പിടികൂടിയത്.

ഗുര്‍മീത് റാം റഹിമിന് കോടതി ശിക്ഷ വിധിച്ച ഓഗസ്റ്റ് 28ന് ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനുകളുടെ രണ്ടു ബോഗികളാണ് ഇവര്‍ കത്തിച്ചത്. പൊതുമുതല്‍ നശിപ്പിക്കുക, റെയില്‍വേ ആക്ട് 151 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

മാനഭംഗക്കേസില്‍ ഗുര്‍മീതിനെ 20 വര്‍ഷം തടവു ശിക്ഷയ്ക്കു സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ 30 ലക്ഷം രൂപയും വിധിച്ചിരുന്നു. പഞ്ചകുള കലാപം ആസൂത്രണം ചെയ്തതിനു ഗുര്‍മീതിന്റെ ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുക്കാരിയുമായ ഹണിപ്രീത് ഇന്‍സാനും ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *