ഉമ്മന്‍ ചാണ്ടിയുടെ ഭരണ തുടര്‍ച്ചക്കെതിരെ സരിതയുടെ മൊഴി

ജെ ജോര്‍ജ്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് ഇന്ന് സരിത എസ് നായര്‍ നല്‍കിയ മൊഴിയിലെ ആരോപണങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കവേ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാവും. സോളാര്‍ അഴിമതി ആരോപണം തുടങ്ങിയ ശേഷം ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ മന്ത്രിമാരടക്കം യു.ഡി.എഫിലെ പലനേതാക്കള്‍ക്കെതിരെയും ലൈംഗിക ആരോപണം അടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വന്ന ബാര്‍ കോഴ വിവാദത്തില്‍ സോളാര്‍ വിവാദം കെട്ടടങ്ങി. ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണി ആദ്യം രാജിവെച്ചു. പിന്നാലെ എക്‌സൈസ് മന്ത്രി കെ ബാബുവിനും രാജിവെക്കേണ്ടി വന്നു.

യു.ഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലഘട്ടത്തില്‍ അഴിമതിയാരോപണത്തില്‍ തട്ടിത്തടയുന്ന സര്‍ക്കാറിന് കനത്ത അടി നല്‍കുന്നതാണ്് സരിതയുടെ മൊഴി. സരിതയുടെ ജയിലിലെ കത്തടക്കമുള്ള കാര്യങ്ങള്‍ വിവാദമായപ്പോഴും മുഖ്യമന്ത്രിക്കെതിരെ സരിത ആഞ്ഞടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സോളാര്‍ കേസ് ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടിടപെടല്‍ ഉണ്ടായെന്ന ആരോപണം  പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.  ഉമ്മന്‍ചാണ്ടിക്ക് ഇടനിലക്കാര്‍ വഴി  ഒരു കോടി 90 ലക്ഷം നല്‍കിയെന്നാണ് ഇപ്പോഴത്തെ മൊഴിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി ഏഴു കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.മുഖ്യമന്ത്രിക്ക് വേണ്ടി ജിക്കുമോനടക്കമുള്ളവര്‍ പണം ആവശ്യപ്പെട്ടെന്ന് സരിത പറയുമ്പോള്‍ അത് സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള അവസരം തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സരിത പറയുന്നു.

സരിതയുടെ ഇന്നത്തെ മൊഴി കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന വിവരമാണ് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും ആദ്യമായാണ് കൃത്യമായി ആരോപണം ഉന്നയിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറില്‍ നിന്ന് എല്ലാം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സരിത. എന്നാല്‍ ബാര്‍ കോഴ അടക്കം വരുമ്പോള്‍ ഒരു ഭരണ മാറ്റം സരിതയും  മുന്‍കൂട്ടി കാണുന്നുണ്ട്. സരിതയുടെ ഈ വെളിപ്പെടുത്തല്‍ യഥാര്‍ഥത്തില്‍ അല്‍പം നേരത്തെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ എല്ലാകാര്യങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്ന ഉന്നത വിദ്യാധാരിയായ സരിത അവസാന ആവനാഴിയില്‍ കുറേ അമ്പുകള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ സോളാര്‍ കമ്മീഷന്‍ സരിതയുടെ ഒഴിവു കഴിവുകള്‍ അംഗീകരിക്കാതായതോടെയാണ് സരിതക്ക് കാര്യങ്ങള്‍ നേരത്തെ പറയേണ്ടി വന്നത്. ഇനി വരുന്ന ദിനങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സോളാര്‍ വീണ്ടും ചൂടുപിടിക്കുമെന്നുറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *