തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് അടുത്തമന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ നിര്‍ദേശിക്കുന്നതാണ് പുതിയ ഭേദഗതി. വന്‍കിട പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ മന്ത്രിസഭയുടെ അനുമതി മാത്രം മതിയെന്ന ചട്ടവും നിയമഭേദഗതിയിലൂടെ കൊണ്ടുവരും.
സംസ്ഥാനത്ത് നെല്‍വയലുകള്‍ നികത്തുന്നത് തടയുന്നതിന്റെ ഭാഗയാണ് നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാം. പുതിയ ഭേദഗതിയോടെ ഇതിന് മാറ്റമുണ്ടാകും. നെല്‍വയലുകള്‍ നികത്തുന്നവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കുന്ന രീതിയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.
തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതവും വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല്‍ മതി. 2008ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുന്നു. വീടുവയ്ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടയ്‌ക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴ ഈടാക്കും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്കായി നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതി വേണ്ട പകരം മന്ത്രിസഭയുടെ അനുമതി മാത്രം മതി.
കര്‍ശന വ്യവസ്ഥകളും നിയമങ്ങളും കൊണ്ടുവന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പരിഷ്‌ക്കരിക്കുമ്‌ബോള്‍ വന്‍കിട പദ്ധതികള്‍ക്ക് പുതിയ നിയമത്തില്‍ ഇളവുകള്‍ വാരിക്കോരി നല്‍കുന്നുണ്ട്. പുതിയ നിയമം ബാധകമാകുന്നതോടെ സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള പദ്ധതികള്‍ക്കുള്ള പ്രാദേശിക എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതുകൂടി ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് 2008 ലാണ് കേരളത്തിലെ വയലുകളെയും നീര്‍ത്തടങ്ങളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. പിന്നീട് പലതവണയായി ഇതില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.
2007 സെപ്റ്റംബറിന് ശേഷം നികത്തിയ വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും കരഭൂമിയുടെ ആനുകൂല്യം ലഭിക്കില്ലെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന കര, വയല്‍ ഭൂമികളുടെ കൃത്യമായ ഡാറ്റ ബാങ്ക് പൂര്‍ത്തിയാകാത്തത് സ്വന്തം ഭൂമിയില്‍ ചെറിയ വീട് വയ്ക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാര്‍ക്ക് പോലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇപ്പോഴും കൃത്യമാ ഡാറ്റ ബാങ്ക് ലഭ്യമായിട്ടില്ല.
ഇതിനിടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ന്യായവിലയുടെ 25 ശതമാനം പിഴയടച്ച് നികത്തലുകള്‍ ക്രമപ്പെടുത്താമെന്ന ഭേദഗതി വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. നിലംനികത്തുന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് ഈ ഭേദഗതിയെന്നായിരുന്നു വിമര്‍ശനമുയര്‍ന്നത്. ഇതേതുടര്‍ന്ന് പിന്നീട് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ഈ ഭേദഗതി റദ്ദുചെയ്തിരുന്നു.
