ഡെല്‍ഹി: ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെടെ ആര്‍ക്കും പ്രവേശനമില്ലാത്തതുമായ ഒരു ദ്വീപിനെക്കുറിച്ച് പറയാം. നോര്‍ത്ത് സെന്റിനല്‍ ദ്വീപ് എന്നുപേരുള്ള ഇവിടെ അതീവ അപകടകാരികളായ ഓംഗ വംശജര്‍ ആണ് താമസിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഈ ദ്വീപിലേക്ക് പുറമെ നിന്നുള്ള ആര്‍ക്കും അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കയാണ്.
കാരണം അതീവ അപകടകാരികളായ ഓംഗ വംശജര്‍ അധിവസിക്കുന്ന പ്രദേശമാണിത്. ഇവിടേക്ക് പോകരുതെന്ന് ഭരണകൂടം തന്നെ കര്‍ശന നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വവും ഗോത്രവര്‍ക്കാരുടെ സംസ്‌ക്കാരവും കണക്കിലെടുത്താണ് ഈ നിര്‍ദേശം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍. ഏകദേശം 72 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. ചുറ്റും വെള്ള നിറത്തിലുള്ള കടല്‍ ഒരു രക്ഷാകവചം പോലെ നില്‍ക്കുന്ന ദ്വീപില്‍ സ്വാഭാവിക തുറമുഖങ്ങള്‍ ഒന്നും തന്നെയില്ല. ഇവിടെ എത്താന്‍ പല സാഹസികരും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപ് നിവാസികള്‍ പുറത്തുനിന്നുള്ളവരെ ഇവിടെ കടക്കാന്‍ അനുവദിക്കില്ല.
2006ല്‍ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇവരെ ദ്വീപ് വാസികള്‍ കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ നാവികസേന ദൂരെ നിന്നു തന്നെ തടയുകയും തിരിച്ചയക്കുകയുമാണ് പതിവ്.
സെന്റിനല്‍ ദ്വീപിലേക്കുള്ള ബാഹ്യ ഇടപെടലുകള്‍ തടയുന്നത് ഇവിടെ താമസിക്കുന്ന ഓംഗ വംശജര്‍ തന്നെയാണ്. ആഫ്രിക്കന്‍ വംശജരെന്ന് കരുതുന്ന ഇക്കൂട്ടര്‍ 60,000 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ടെന്നാണ്് ചരിത്രകാരന്മാര്‍ പറയുന്നത്. 1967ല്‍ ഓംഗകളുമായി ബന്ധപ്പെടാനും അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തിനെ അയച്ചിരുന്നു.
സമ്മാനങ്ങളും വസ്ത്രങ്ങളും നല്‍കി ദ്വീപിലുള്ളവരെ ഇണക്കാന്‍ ശ്രമിച്ചെങ്കിലും ഇക്കൂട്ടര്‍ ഇണങ്ങാന്‍ പോലും തയ്യാറായില്ല. കൂടാതെ കടല്‍ത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടര്‍ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസര്‍ജനം ചെയ്യാന്‍ ശ്രമിച്ചതായും ടി.എന്‍ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
1970 മാര്‍ച്ചില്‍ ടി.എന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം ദ്വീപിലേക്ക് വീണ്ടുമെത്തി. ഇത്തവണ ദ്വീപിന്റെ അടുത്തു വരെ എത്തിയ സംഘത്തിനെ ഇതുവരെ കേട്ടിട്ടില്ലാത്ത ഏതോ ഭാഷയില്‍ ശകാരിച്ചു കൊണ്ടാണ് ഓംഗകള്‍ സ്വീകരിച്ചത്. എന്നാല്‍ ദ്വീപിലേക്കുള്ള പ്രവേശനം നേടാനായി തിരിച്ചും ശബ്ദമുയര്‍ത്തിയ സംഘത്തിനെ ആക്രമിക്കാന്‍ ഓംഗകള്‍ ശ്രമിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
എന്നാല്‍ 1991 ജനുവരി നാലിന് ദ്വീപിലെത്താന്‍ ശ്രമിച്ച സംഘത്തിനോട് ദ്വീപ് വാസികള്‍ സൗഹൃദപരമായി പെരുമാറിയെന്നും സംഘം നല്‍കിയ തേങ്ങയും മറ്റ് ആഹാര സാധനങ്ങളും സ്വീകരിച്ചുവെന്നും പറയപ്പെടുന്നു. എന്നാല്‍ പിന്നീട് ഈ ദ്വീപിലേക്ക് ആരും എത്തിയതായി ഔദ്യോഗിക രേഖകളില്ല. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി തിരകള്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ദ്വീപിലുള്ളവരെല്ലാം മരിച്ചതായാണ് കണക്കാക്കിയത്. എന്നാല്‍ ഇവിടേക്ക് ഹെലിക്കോപ്റ്ററിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കു നേരെ അമ്ബുകളെയ്താണ് ഓംഗകള്‍ തിരിച്ചയച്ചത്.
അതേസമയം, സെന്റിനല്‍ ദ്വീപിലേക്കുള്ള പ്രവേശനവും ഓംഗകളുമായി ബന്ധപ്പെടുന്നതും കേന്ദ്രസര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുണ്ട്. ദ്വീപിന്റെ മൂന്ന് മൈല്‍ ദൂരപരിധി നിരോധിത മേഖലയാണ്. പുറത്തു നിന്നുള്ളവരുടെ സുരക്ഷയെ കരുതിയും ഓംഗകളുടെ ചരിത്രപരമായ സംസ്‌ക്കാരം സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലൊരു നിയമമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സമൂഹവുമായി ഒറ്റപ്പെട്ട് കഴിയുന്നതിനാല്‍ ഇവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും കുറഞ്ഞ കാലത്തിനുള്ളില്‍ ഇവര്‍ ഭൂമിയില്‍ നിന്ന് തന്നെ തുടച്ചു നീക്കപ്പെട്ടേക്കാമെന്നും ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. പക്ഷേ ഓംഗകളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഇവര്‍ക്കും നിശ്ചയമില്ല.
