വയനാട്: ജില്ലയിലെ പ്രധാന റിസര്‍വ്വോയറുകളായ ബാണാസുരസാഗറിലും കാരാപ്പുഴയിലുമുള്ള ജലസമ്പത്ത് ഉപയോഗപ്പെടുത്തി ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പ്രദേശവാസികളായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന റിസര്‍വോയര്‍ ഫിഷറീസ് ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ല്‍ ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ ധനസഹായത്തോടെ ഇരു ഡാമുകളിലും ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചെങ്കിലും മത്സ്യബന്ധനാനുമതി ഔദ്യോഗികമായി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യന്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം കഴിഞ്ഞ നവംബറിലാണ് ജില്ലയിലെ രണ്ട് ഡാമുകളിലും മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചത്.
സംഭരണശേഷി കവിഞ്ഞ് ഡാം തറന്നുവിടുമ്പോള്‍ ലഭിക്കുന്ന കൂറ്റന്‍ മത്സ്യങ്ങള്‍ക്കായി അന്യജില്ലകളില്‍ നിന്നടക്കം ധാരാളം ആളുകള്‍ എത്തുകയും അപകടത്തില്‍പ്പെടുകയും ചെയ്തപ്പോള്‍ മണ്‍സൂണ്‍കാലത്ത് പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇനി മുതല്‍ സഹകരണസംഘം മുഖേന മത്സ്യം പിടിച്ച് വില്‍പ്പന നടത്താന്‍ സാധിക്കുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്ല മത്സ്യം ലഭിക്കാനും സഹകരണ സംഘത്തിന് വരുമാനം ഉറപ്പുവരുത്താനും സാധിക്കും. കൂടാതെ കൂടുകള്‍ സ്ഥാപിച്ച് മത്സ്യകൃഷി ചെയ്യുമ്പോള്‍ വര്‍ഷത്തില്‍ രണ്ട് തവണ വിളവെടുപ്പ് നടത്താനും കഴിയും. യോഗത്തില്‍ ഉത്തരമേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ബാണാസുരസാഗര്‍ ഡാം സേഫ്റ്റി അസിസ്റ്റന്റ് എശ്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി സന്ദീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹിം, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍കിഷന്‍, ഫിഷറീ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ശ്രീധരന്‍ കുഞ്ഞുമണി, സംഘം പ്രസിഡണ്ടായ എ. സുകുമാരന്‍, വി.പി.മനോജ് എന്നിവര്‍ സംബന്ധിച്ചു.
