സമുദായങ്ങള്‍ക്കിടയില്‍ ബി ജെ പി സ്പര്‍ധ വളര്‍ത്തുന്നെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സാമുദായിക കലാപത്തില്‍ സംഘപരിവാറിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് സംഘപരിവാറും ബി.ജെ.പിയും ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ദളിതര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയേണ്ടവരാണ് എന്ന ഫാസിസ്റ്റ് വീക്ഷണമാണ് പരിവാറിനും ബി.ജെ.പിക്കും ഉള്ളത്. മധ്യപ്രദേശിലെ ഉന പ്രക്ഷോഭം, രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം, ഇപ്പോള്‍ നടക്കുന്ന ഭീമ കൊറെഗാവ് പ്രക്ഷോഭം എന്നിവ സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഉള്ള ശക്തമായ ചെറുത്തു നില്‍പ്പാണെന്നും രാഹുല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ഫഡ്‌നാവിസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സാമുദായിക സംഘര്‍ഷമെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ബി.എസ്.പി നേതാവ് മായാവതിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *