കര്‍ദ്ദിനാളിനും വൈദികര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി തട്ടിപ്പില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. എറണാകുളം റേഞ്ച് ഐ.ജിക്കാണ് കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രതിനിധിയായ അഡ്വ. പോളച്ചന്‍ പതുപ്പാറ പരാതി നല്‍കിയിരിക്കുന്നത്. കര്‍ദ്ദിനാള്‍, പ്രൊക്യുറേറ്റര്‍ ജോഷി പുതുവ, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് നല്‍കിയത്.

വിശ്വാസ വഞ്ചന, നികുതി വെട്ടിപ്പ്, സാമ്ബത്തിക ക്രമക്കേട് തുടങ്ങിയ ആക്ഷേപങ്ങള്‍ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയം സഭയ്ക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ലെന്നും നടന്നിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പത്രസമ്മേളനത്തില്‍ പോളച്ചന്‍ പുതുപ്പാറ വ്യക്തമാക്കി. വിശ്വാസികളുടെ പണമാണ് സഭയ്ക്കുള്ളത്. അതിനാല്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്ന വിശ്വാസികള്‍ക്കാണ്. സഭയ്ക്കകത്ത് ഒതുക്കിത്തീര്‍ക്കാവുന്ന ഒരു വിഷയമല്ല. പോലീസ് നടപടി ആവശ്യപ്പെടുന്ന ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടാഴ്ചയ്ക്കം നടപടിയുണ്ടായില്ലെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും പോളച്ചന്‍ പറഞ്ഞു.

സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടില്‍ വലിയ സാമ്ബത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. 29 കോടിയുടെ ഇടപാട് നടന്നിട്ട് ഒമ്ബത് കോടി മാത്രമാണ് സഭയ്ക്ക് ലഭിച്ചത്. ബാക്കി 20 കോടി എവിടെപോയി എന്ന് അന്വേഷിക്കണം. വസ്തു വില്‍ക്കുമ്‌ബോള്‍ മുഴുവന്‍ പണവും കിട്ടാതെ ആരെങ്കിലും ആധാരത്തില്‍ ഒപ്പിട്ട് നല്‍കുമോ? മാര്‍ ആലഞ്ചേരി ബുദ്ധിയില്ലാത്ത ആളൊന്നുമല്ല. കേരള സര്‍വകലാശാലയില്‍ നിന്ന് എക്കണോമിക്‌സില്‍ ബി.എ റാങ്കോടെ പാസായ ആളാണ്. അദ്ദേഹമാണ് എല്ലാ ആധാരങ്ങളിലും ഒപ്പിട്ട് നല്‍കിയിരിക്കുന്നത്.

മൂന്നേക്കര്‍ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ചാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഇത് സ്റ്റാമ്പ്് ഡ്യൂട്ടി വെട്ടിക്കുന്നതിന് വേണ്ടിയാണ്. ഇതുമൂലം സര്‍ക്കാരിന് രണ്ടു കോടി രൂപയാണ് നഷ്ടമായത്. ഭൂമി ഇടപാടില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി സിറോ മലബാര്‍ സിനഡിനെ അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

 

മറ്റ് രൂപതകളിലും ഇത്തരത്തിലുള്ള വെട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും സഭയുടെയും പള്ളികളുടെയും സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ദേവസ്വം, വഖഫ് ബോര്‍ഡ് മാതൃകയില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരണമെന്നും പോളച്ചന്‍ പുതുപ്പാറ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഭാ നേതൃത്വത്തിനെതിരെ ഇതാദ്യമായാണ് ഇത്രയും ഗുരുതരമായ ആരോപണം ഉയരുന്നത്.

 

 

അതിനിടെ, വസ്തു വില്‍പ്പനയിലെ ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തി സമ്ബാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുമളി അണക്കര സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. സഭയിലെ പള്ളികളില്‍ ചാരിറ്റി സഹായം വാഗ്ദാനം ചെയ്താണ് ഇയാള്‍ രംഗത്തെത്തിയതെന്നും സഭാ നേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് വസ്തു ഇടപാട് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *