ലക്നോ: ബിഹാറില്‍ തോക്കിന്മുനയില് വീണ്ടും വിവാഹം. ഇതോടെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടിയെ വിവാഹംകഴിക്കേണ്ടിവന്നത് യുവ എന്‍ജിനീയര്‍ക്ക്. പക്ദുവാ ശാദി എന്നറിയപ്പെടുന്ന സമ്ബ്രദായത്തിന്റെ ഇരയാവുകയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബലപ്രയോഗത്തില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ തോക്കിന് മുനയില്‍ നിര്‍ത്തി ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശി വിനോദ് കുമാര്‍ എന്ന യുവ എന്‍ജിനിയറാണ് നിര്‍ബന്ധിത വിവാഹത്തിന് വിധേയനായത്.
പ്രദേശത്തെ സ്റ്റീല്‍ പ്ലാന്റിലാണ് വിനോദ് കുമാര്‍ ജോലി ചെയ്യുന്നത്. സുഹൃത്തുക്കള്‍ ക്ഷണിച്ചതനുസരിച്ച് അവരെ കാണാനെത്തിയ വിനോദിനെ രണ്ടുപേര്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി. പിന്നീട് വിവാഹമണ്ഡപത്തിലെത്തിച്ച് സമീപമിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവിടെനിന്നു രക്ഷപെടാന്‍ വഴിയില്ലെന്നു മനസിലാക്കിയ വിനോദ് ജീവന് ഭയന്ന് യുവതിയെ താലി ചാര്‍ത്തി.
തുടര്‍ന്ന് പെണ്ണിന്റെ ബന്ധുക്കള്‍ വിനോദിനെ ഒരു രാത്രി മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. പിറ്റേന്ന് വിനോദ് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സഹോദരന് പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഇവര്‍ക്ക് സഹായമൊന്നും ലഭിച്ചില്ല. പ്രശ്നം നിങ്ങള്‍ തന്നെ പറഞ്ഞു തീര്ക്കു എന്നാണ് പൊലീസ് നല്കിയ മറുപടി.
‘പക്ക്ദുവാ ശാദി’ എന്നറിയപ്പെടുന്ന വിവാഹമാണിത്. പെണ്മക്കളുടെ വിവാഹം നടത്താന്‍ മാതാപിതാക്കളുടെ പക്കല്‍ പണമില്ലാതെ വരുന്പോള്‍ യുവാക്കളെ തട്ടിക്കൊണ്ടു പോയി ബല പ്രയോഗത്തിലൂടെ അവരെ വിവാഹം കഴിപ്പിക്കും. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ ഇത്തരം പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
