ഹൈദരാബാദ്: മനുഷ്യജീവിതത്തില്‍ ഇടപെടുന്ന മതവിലക്കുകളുടെ വാര്‍ത്ത ഇത്തവണ ഹൈദരാബാദില്‍നിന്ന്. ഹൈദരാബാദിലെ ജാമിയ നിസാമിയ സര്‍വകലാശാലയാണ് വിചിത്ര ഫത്വയുമായി വാര്‍ത്തകളില്‍ നിറയുന്നത്. ചെമ്മീന്‍ കഴിക്കരുതെന്നാണ് പുതിയ ഫത്‌വ.
ചെമ്മീന്‍ ഒരു മത്സ്യമല്ല, വെള്ളത്തില്‍ ജീവിക്കുന്ന ഒരു പ്രാണിയാണ്. അതുകൊണ്ട് അതിനെ ഭക്ഷിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കുട്ടികള്‍ ചെമ്മീന്‍ കഴിക്കുന്നത് അനുവദിക്കാനാവില്ല. ഫത്‌വയില്‍ പറയുന്നു. സര്‍വകലാശാലയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീനാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍ ഈ വിചിത്രമായ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ല. നേരത്തേയും സമാനമായ രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാല പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇസ് ലാം മതവിശ്വാസികള്‍ ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഫത്‌വ പുറപ്പെടുവിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ജാമിയ നിസാമിയ സര്‍വകലാശാല.
സ്ഥിരമായി ജീവിതത്തില്‍ ഇടപെടുന്ന രീതിയിലുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കുന്ന ദാറുല്‍ ഉലൂം ദുയൂബന്ദ് എന്ന ഉത്തര്‍പ്രദേശിലെ സ്ഥാപനം വീണ്ടും വിചിത്ര ഫത്‌വകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുമ്പോഴാണ് ഹൈദരാബാദില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ബാങ്ക് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളിലുള്ളവരേയും വിവാഹംകഴിക്കരുത് എന്നായിരുന്നു ദാറുല്‍ ഉലൂം ദുയൂബന്ദിന്റെ ഫത്‌വ. പലിശ സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതിനാലാണ് ബാങ്ക് ജീവനക്കാരുടെ പണവും സമ്പത്തും ഹറാമാകും. അതിനാലാണ് ഇത്തരത്തില്‍ ഫത്‌വ പുറപ്പെടുവിച്ചത്.
നേരത്തെ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന തരത്തിലുള്ള ഫത്വയും പുറപ്പെടുവിച്ച് നിരവധി വിമര്‍ശനങ്ങള്‍ ദാറുല്‍ ഉലൂം ദുയൂബന്ദ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സ്ത്രീ സമൂഹം ഫത്‌വയെ പുച്ഛിച്ച് തള്ളി. ഫാസിസം അടുക്കളയില്‍ എത്തി എന്ന് ഒരു വശത്ത് വിലപിക്കുമ്പോഴും മറുവശത്തുകൂടി മതം അടുക്കളയില്‍ കയറുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് വെളിയില്‍ വരുന്നത്.
