നോട്ട് നിരോധനം നഷ്ടത്തിലാക്കി: ബി.ജെ.പി ഓഫീസില്‍ ബിസ്‌നസുകാരന്റെ ആത്മഹത്യാ ശ്രമം

ഡെറാഡൂണ്‍: നോട്ട് നിരോധനം കാരണം കച്ചവടം നഷ്ടത്തിലായ ബിസ്‌നസുകാരന്‍ ബി.ജെ.പി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷി വകുപ്പ് മന്ത്രി സുബോദ് ഉനിവാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് പ്രകാശ് പാണ്ഡെ എന്നയാള്‍ ആത്മഹത്യ ശ്രമം നടത്തിയത്. ഓഫീസില്‍ നിന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാത്‌ഗോഡയിലെ നയി സ്വദേശിയായ പ്രകാശ് പാണ്ഡെയുടെ ബിസ്‌നസ് ചരക്ക് ഗതാഗതമായിരുന്നു. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബിസ്‌നസില്‍ കാര്യമായ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് മന്ത്രി സുബോദ് ഉനിവാല്‍ പറഞ്ഞു.

അമിതമായ പലിശ കാരണം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രകാശ് പാണ്ഡെ ബി.ജെ.പി ഓഫീസിലെത്തി പറഞ്ഞിരുന്നു. പലിശ ഒഴിവാക്കാന്‍ വേണ്ടി പ്രധാനമന്ത്രി, ധനകാര്യമന്ത്രി, ബി.ജെ.പി അദ്ധ്യക്ഷന്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പാര്‍ട്ടി ഓഫീസിലെത്തുന്നതിന് മുന്‍പ് ഇയാള്‍ വിഷം കഴിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *