സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം

കാസര്‍കോട്:  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടിയും നോട്ടുനിരോധനവുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും വേണ്ടിയുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് ജനസംഘത്തിന്റെ നയമാണ്.

തെറ്റായ സാമ്പത്തിക നയം മൂലം പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല നിരവധി പേര്‍ തൊഴില്‍രഹിതരായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാര്‍ഷിക മേഖല തകര്‍ന്നതിനെ തുടര്‍ന്ന് 36,000 കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. 19 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. ബാങ്കിംഗ് മേഖലയില്‍ ഉദാരവത്കരണ നയം നടപ്പിലാക്കുന്നത് കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ആര്‍ എസ് എസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കേരളത്തില്‍ ഐഎസിനെ കൊണ്ടുവരാനാണ് ന്യൂനപക്ഷ തീവ്രവാദികളുടെ ശ്രമമെന്ന് കോടിയേരി കുറ്റപ്പെടുത്തി. മതനിരപേക്ഷകരെ ശക്തിപ്പെടുത്തി ആര്‍ എസ് എസിന്റെയും ന്യൂനപക്ഷ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തെയും നേരിടുമെന്ന് കോടിയേരി വ്യക്തമാക്കി.

ബിജെപിക്ക് മൂലധനം നല്‍കുന്നത് കോര്‍പറേറ്റുകളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ കൊണ്ടു വന്ന നിയമം ഇതിനു തെളിവാണ്. മുമ്ബ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയാല്‍ അക്കാര്യം എല്ലാവര്‍ക്കുമറിയാം. പ്രവര്‍ത്തന മൂലധനത്തിന്റെ നിശ്ചിത ശതമാനം മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം പാര്‍ട്ടികള്‍ക്ക് എത്ര വേണമെങ്കിലും ഫണ്ട് നല്‍കാം. ആര്‍ക്കാണ് ഫണ്ട് നല്‍കിയതെന്ന് അറിയിക്കുകയും വേണ്ട.

രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തിരിച്ചുകൊണ്ടുവരുന്ന കള്ളപ്പണത്തില്‍ നിന്നും 15 ലക്ഷം രൂപ വീതം ഓരോ പൗരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാലു വര്‍ഷം കഴിയാറായിട്ടും ഒരു കള്ളപ്പണവും ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, ബീഹാറിലെ ഭൂമി ഇടപാട്, റാഫേല്‍ യുദ്ധവിമാന കരാര്‍, അമിത് ഷായുടെ മകനെതിരെയുള്ള അഴിമതി ആരോപണം, രാജ്യരക്ഷാ ഉപദേഷ്ടാവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം എന്നിങ്ങനെ ബിജെപി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്.

അമിത് ഷായ്‌ക്കെതിരെയുള്ള കേസ് പരിഗണിച്ച ജഡ്ജിയുടെ മരണം ദുരൂഹമായി തന്നെ നിലനില്‍ക്കുകയാണ്. നൂറു കോടി രൂപയാണ് ജഡ്ജിക്ക് വാഗ്ദാനം ചെയ്തതെന്ന് പുറത്തുവന്നിരിക്കുകയാണ്. എട്ടു ശതമാനം ജിഡിപി വളര്‍ച്ച ലക്ഷ്യമിട്ടെങ്കിലും ഇത് ആറ് ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറഞ്ഞുവന്നു. അതിസമ്ബന്നരായ ഒരു ശതമാനം ആള്‍ക്കാരുടെ കൈയ്യിലാണ് രാജ്യത്തിന്റെ അറുപത് ശതമാനം സമ്ബാദ്യവും ഉള്ളത്.

ഹിന്ദുത്വ അജണ്ട നടപ്പാക്കി വര്‍ഗീയത സൃഷ്ടിക്കുവാനാണ് ബിജെപി ശ്രമിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെ അക്രമം വ്യാപകമായി അഴിച്ചുവിടുന്നു. മുസ്ലിം വേഷം ധരിച്ചവരെ പോലും കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. ബീഫിന്റെ പേരില്‍ 36 പേരെയാണ് കൊലപ്പെടുത്തിയത്. ജഡ്ജിമാര്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ആധാര്‍ വിവരങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് മാധ്യമങ്ങള്‍ക്ക് പോലും മോഡി ഭരണത്തില്‍ രക്ഷയില്ലെന്നതില്‍ തെളിവാണ്.

ഇതേ കുറിച്ച് അന്വേഷിക്കുന്നതിനു പകരം വിവരം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട മാധ്യമങ്ങളെയെല്ലാം കുത്തകകള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

Leave a Reply

Your email address will not be published. Required fields are marked *