വിടി ബല്‍റാമിനെ പിന്തുണച്ച് കെഎം ഷാജി എംഎല്‍എ; സ്വന്തം മാലിന്യം അയല്‍പക്കത്തിടുകയാണ് ഇടതുപക്ഷം!

കോഴിക്കോട്: വിടി ബല്‍റാമിന് പിന്തുണയുമായി കെഎം ഷാജി എംഎല്‍എ. വിടി ബല്‍റാമിന്റെ എകെജിയെ കുറിച്ചുള്ള പരാമര്‍ശം വന്‍ വിവാദമാണ് ഉണ്ടാക്കി.യത്. തുടര്‍ന്ന് വിടി ബല്‍റാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. വിടി ബല്‍റാമിനെ പിന്തുണയ്ക്കുന്നതോടൊപ്പം സിപിഎമ്മിനെ നിശിതമായി വിമര്‍ശിക്കാനും മുസ്ലീം ലീഗ് നേതാവ് കൂടിയായ കെഎം ഷാജി മറന്നില്ല. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും, മോര്‍ഫിങ്ങും, മതനിന്ദയും, വ്യാജ ആരോപണങ്ങളും ആവിഷ്‌കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മത വിശ്വാസത്തെയും, സാംസ്‌കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. എന്നാല്‍ എകെജിയെ വിമര്‍ശിക്കരുത് എന്ന് തുടങ്ങുന്നതാണ് കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും, മന്‍മോഹനെ ആക്ഷേപിച്ചതും ആവിഷ്‌കാരമാണ്. എന്നാല്‍ എകെജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമര്‍ശനാത്മകമായി വായിക്കരുത്. വായിച്ചാല്‍ ഓഫിസ് തല്ലിത്തകര്‍ക്കും, കിട്ടിയാല്‍ കൈകാര്യം ചെയ്യും. എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോ ജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ, വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഈയൊരു തിരിച്ചറിവ് മാധ്യമസാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇടതു പക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാല്‍ മലിനമാകുമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയല്‍പക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിര്‍വഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യന്‍ ‘ ഇതാ നിങ്ങളുടെ മാലിന്യം ‘ എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയല്‍ക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു. അത് കണ്ട അയല്‍ക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയല്‍ക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാള്‍ നിനക്ക് തിരിച്ചറിവ് നല്‍കിയിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസലിക്കുന്നു.

ആവിഷ്‌കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്. നിങ്ങളുടേതല്ല. വിടി ബല്‍റാം ടിപി ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം ബല്‍റാമിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നിട്ടുണ്ട്. ബാലപീഡനം എന്ന പരാമര്‍ശം നാക്കു പിഴ ആയി കണക്കാക്കാമെന്നാണ് രാജ്‌മോഹന്‍ല ഉണ്ണികത്താന്റെ വാദം. ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും ബല്‍റാം മാപ്പു പറയേണ്ടതില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *