കൊച്ചി:ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കോടതി മാറ്റി. ഈ മാസം 15-ലേക്കാണ് വിധി മാറ്റിവച്ചിരിക്കുന്നത്. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറയുന്നത്.
കേസില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ കേസ് ഇന്ന് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് ഒന്നാം പ്രതി രഞ്ജിത്ത് ജയിലില്‍ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളം സബ് ജയിലില്‍ വച്ച് വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍ണ്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒതളങ്ങയാണ് കഴിച്ചതെന്നും പറയപ്പെടുന്നു.
2013-ലാണ് എറണാകുളം തിരുവാണിയൂര്‍ സ്വദേശിയായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്. പിതാവ് ജയിലിലായതോടെ കാമുകന്‍ രഞ്ജിത്തുമായി അടുത്ത അമ്മ അവിഹിത ബന്ധത്തിന് കുട്ടി തടസ്സമാണെന്ന് കണ്ടതോടെ രഞ്ജിത്, സുഹൃത്ത് ബേസില്‍ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മണ്ണെടുത്ത കുഴിയില്‍ മൂടുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായെന്ന് പരാതിയും നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
കുട്ടിയെ രഞ്ജിതും ബേസിലും ലൈംഗികമായി പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ചുവരില്‍ തലയിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
