ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ ഇലക്ഷന് കമ്മിഷന്റെ നടപടിയെ പിന്തുണച്ച് പുതുതായി ചുമതലയേറ്റ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒാം പ്രകാശ് റാവത്ത് രംഗത്തെത്തി. ആം ആദ്മി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കുന്നതിന് പാര്‍ട്ടിക്ക് രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ അവര്‍ അത് ഉപയോഗിച്ചില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി.
സെപ്റ്റംബര്‍28 നും നവംബര്‍ 2 നും ആം ആദ്മിയുടെ 20 എം.എല്‍.എമാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. അതില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാന്‍ ഇലക്ഷന് കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. അങ്ങനയെങ്കില്‍ ആം ആദ്മിയുടെ വിശദീകരണം കേള്‍ക്കാന്‍ കമ്മിഷന് തീയതി നിശ്ചയിക്കുമായിരുന്നു. എന്നാല്‍ കമ്മിഷന് നിലവില്‍ അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവര്‍ പറഞ്ഞത്. പുതിയതായി ഒന്നും പറഞ്ഞില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
2015 മാര്‍ച്ചിലാണ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ നിയമിക്കുന്നത്. ഈ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടുകയും എം.എല്‍.എമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത്.
ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി 20 എം.എല്‍.എമാരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യരാക്കിയ ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇതോടെ 70 അംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി എം. എല്‍.എമാരുടെ എണ്ണം 66ല്‍ നിന്ന് 46 ആയി കുറഞ്ഞു. എന്നാല്‍, എ.എ.പിക്ക് ഭരണം നഷ്ടപ്പെടില്ല. അയോഗ്യരായവരില്‍ ഒരാള്‍ ഇപ്പോള്‍ മന്ത്രിയാണ്. എം.എല്‍.എമാര്‍ അയോഗ്യരായതോടെ ഡല്‍ഹി മിനി പൊതു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്.
