കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്പ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
എന്നാല്‍ ഗുരുവായൂര്‍, കൂടല്‍മാണിക്യം, കൊച്ചി എന്നീ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാണെന്നും തിരുവിതാംകൂര്‍ ബോര്‍ഡിന്റെ കാലാവധി സമാനമായി നിജപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ആരെയും പിരിച്ചു വിട്ടില്ലന്നും കാലാവധി ചുരുക്കിയപ്പോള്‍ പദവി സ്വാഭാവികമായി നഷ്ടമാകുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തിരു – കൊച്ചി ഉടമ്ബടി പ്രകാരം സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന പ്രയാറിന്റെ വാദവും കോടതി തള്ളി.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാവധി തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നത്.
നേരത്തെ, ഓര്‍ഡിനന്‍സ് സംബന്ധിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജ്ഭവനിലെത്തി ഗവണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.
