ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ മഞ്ജു വാര്യരെ വേണ്ടെന്ന് ജില്ലാ നേതൃത്വം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തതള്ളി സിപിഐഎം ജില്ല നേതൃത്വം രംഗത്ത്. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഇടംപിടിച്ചതായി നവമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പാടെ തള്ളി വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഐഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സജി ചെറിയാന്‍ വ്യക്തമാക്കി.

സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ വിജയമാവര്‍ത്തിക്കാന്‍ സജി ചെറിയാന് പുറമെ മുന്‍ എംപിയും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ സിഎസ് സുജാത, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ വിശ്വംഭര പണിക്കര്‍ എന്നിവരുടെ പേരും സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *