തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം. പുതിയ രാഷ്ട്രീയ യജമാനന്മാര്ക്ക് സ്തുതി പാടി പ്രീതി സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ മാണി കഴിഞ്ഞതെല്ലാം മറക്കുകയും ചെയ്തെല്ലാം തള്ളിപ്പറയുകയുമാണ് എന്ന് മാണി തല മറന്ന് എണ്ണ തേക്കരുത് എന്ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ‘പ്രതിച്ഛായ’യില്‍ കോണ്‍ഗ്രസിനെതിരെ മാണി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയിരിക്കുകയാണ് മുഖപ്രസംഗം.
1964ല്‍ മാത്രം രൂപീകൃതമായ കേരള കോണ്‍ഗ്രസ് പാര്‍ട്ടി എ.കെ.ജിയോടൊപ്പം 1961ല്‍ നടന്ന അമരാവതി സമരത്തില്‍ പങ്കെടുത്തു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറുപക്ഷത്തിന്റെ കയ്യടി നേടാന്‍ വേണ്ടിയാണ് മാണി ഇത്തരം പ്രസ്തവാനകള്‍ നടത്തുന്നത്. കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചതും കര്‍ഷക ആത്മഹത്യ നടന്നതും യു.പി.എ സര്‍ക്കാറിന്റെ കാലത്താണെന്ന മാണിയുടെ പരാമര്‍ശം സത്യവിരുദ്ധമാണെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
മാണിക്ക് മകനെക്കുറിച്ചുള്ള ആശങ്കകളെ 86കാരനായ വൃദ്ധപിതാവിന്റെ വ്യാകുലതയായി കണക്കാക്കാന്‍ കഴിയൂ. മാറിടം മറയാക്കിക്കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ മാണിയെക്കൊണ്ട് 12ാം ബജറ്റ് അവതരിപ്പിച്ചത്. പാലു കൊടുത്ത കയ്യില്‍ കൊത്തരുത് എന്നാവശ്യപ്പെട്ടുകൊണ്ടാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത്.
