ദില്ലി: ജല്ലിക്കെട്ട് വിഷയം സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ജല്ലിക്കെട്ട് നിരോധിക്കമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്.
ഇതോടെ ജല്ലിക്കെട്ട് നിരോധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ചിന് തീരുമാനമെടുക്കാം. അതേസമയം വിഷയത്തില്‍ തമിഴ്നാടിന്റെ വികാരം കൂടി പരിഗണിച്ചായിരിക്കും ബെഞ്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. തമിഴ്നാട്ടിലെ ജല്ലിക്കെട്ടും കര്‍ണ്ണാടകയിലെ കമ്ബാലയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ സുപ്രിംകോടതിയെ സമീപിച്ചത്.
തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിരോധിച്ചെങ്കിലും പിന്നീട് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇത് മറികടക്കുകയായിരുന്നു. ഇതിനെതിരെയാണ് ‘പെറ്റ’ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കാളപ്പോരായ ജല്ലിക്കെട്ട് സ്ഥിരമായി നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. നേരത്തെ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ വന്‍ യുവജന പ്രക്ഷോഭമാണ് ചെന്നൈ മറീന ബീച്ചിലും പരിസരങ്ങളിലുമായി അരങ്ങേറിയത്. തുടര്‍ന്ന് അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു, ജല്ലിക്കെട്ടിനുള്ള താത്കാലിക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.
