ദില്ലി: അയോധ്യക്കേസ് പരിഗണിക്കുന്നത് അടുത്തമാസം 14 ലേക്ക് സുപ്രിംകോടതി മാറ്റി. കേസിലെ എല്ലാകക്ഷികളോടും രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് കോടതി, കേസ് മാര്‍ച്ച് 14 ലേക്ക് മാറ്റിയത്.
അയോധ്യയിലെ തര്‍ക്ക പ്രദേശം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 2010ല്‍ ഫയല്‍ ചെയ്ത അപ്പീലുകളാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തര്‍ക്ക ഭൂമി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടത്.
തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നറിയിച്ച് ഉത്തര്‍പ്രദേശ് ഷിയ വക്കഫ് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് എത്തി. എന്നാല്‍ ഷിയ വക്കഫ് ബോര്‍ഡിന് മസ്ജിദില്‍ അധികാരമില്ലെന്ന വാദമാണ് സുന്നി വക്കഫ് ബോര്‍ഡ് ഉയര്‍ത്തുന്നത്.
നേരത്തെ, 2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമേ കേസ് പരിഗണിക്കാവൂ എന്ന കപില്‍ സിബലിന്റെ ആവശ്യം തള്ളിയാണ് ഇന്ന് കേസ് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
