ധാക്ക: അഴിമതിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു. ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ വിദേശപണം കൈപറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് എഴുപത്തിരണ്ടുകാരിയായ സിയയ്ക്ക് ശിക്ഷ വിധിച്ചത്.
ഇതേ കേസില്‍ സിയയുടെ മകന്‍ താരീഖ് റഹ്മാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 10 വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ കൂടിയാണ് സിയ. സിയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഴിമതി വിരുദ്ധ കമ്മീഷന്‍ കണ്ടെത്തിയത്. ട്രസ്റ്റ് വെറും കടലാസ് സംഘടനയാണെന്നും ട്രസ്റ്റിന്റെ പേരില്‍ സിയ അനധികൃതമായി പണം സമ്ബാദിച്ചെന്നും കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
രാജ്യദ്രോഹം, അഴിമതി,എന്നിവ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഖാലിദ.
1991ല്‍ ബംഗ്ലാദേശില്‍ അധികാരത്തെത്തിയപ്പോള്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി മാറി ഖാലിദ സിയ. പാകിസ്താന്‍ പ്രധാനമന്ത്രിയായി ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയാണ് ഖാലിദ സിയ. ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ ഖാലിദ സിയ ഉള്‍പ്പെട്ടിരുന്നു.
