കൊല്ലം : പ്ളസ് ടൂ വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ടീച്ചര്‍മാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്ന് കണ്ടെത്തിയാണ് നടപടി. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി.
ഷെവലിയാര്‍ മജാണിന്റെ കരാര്‍ പുതുക്കേണ്ടെന്ന് മാനേജ്മെന്റ് തീരുമാനം എടുത്തു. പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് നേരത്തേ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. ഗൗരി നേഘ ആത്മഹത്യ ചെയ്തതിന് തൊട്ടു പിന്നാലെ രണ്ട് അദ്ധ്യാപകരെയും സസ്പെന്റ് ചെയ്തിരുന്നെങ്കിലും മൂന്ന് മാസം പോലും തികയും മുമ്ബ് ഇവരെ ആഘോഷപൂര്‍വ്വം തിരികെയെടുക്കുകയായിരുന്നു.
സംഭവം നടന്ന് 100 ദിവസം പോലും തികയും മുമ്ബ് അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി സമൂഹ മനസ്സാക്ഷിയോടുള്ള വെല്ലുവിളി ആണെന്നും അധ്യാപികമാരെ തിരികെയെടുത്തതില് പ്രിന്‍സിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. കേക്ക് മുറിച്ച് അദ്ധ്യാപികമാരെ തിരിച്ചെടുക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങള്‍ വഴി വൈറലായി മാറുകയും ചെയ്തിരുന്നു.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്നും പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും അവരെ മാറ്റേണ്ടതുണ്ടെന്നും കൂടെയുള്ള അധ്യാപകര്ക്കെതിരേ മതിയായ നടപടികള്‍ എടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗൗരി നേഘയുടെ രക്ഷകര്‍ത്താക്കളും രംഗത്തിറങ്ങാനൊരുങ്ങുകയാണ്.
