പട്‌ന: ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം വിവാദമാവുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ അവകാശ വാദം.ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആര്‍എസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് തയ്യാറെടുപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന് ആറ്മുതല്‍ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരെ പോരാടും’, മോഹന്‍ ഭാഗവത് പറഞ്ഞു.
‘ആര്‍എസ്എസ് എന്നത് സൈനികമോ അര്‍ധസൈനികമോ ആയ സംഘടനയല്ല. ഇത് ഒരു കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ്. പക്ഷെ സൈന്യത്തിന്റേതിന് സമാനമായ ചിട്ടവട്ടങ്ങളും അച്ചടക്കവും ആണ് പാലിക്കുന്നതെന്ന് മാത്രം’, അദ്ദേഹം തുടര്‍ന്നു. തന്റെ അണികള്‍ക്ക് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം തുടരുന്നു.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയത്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം
