ന്യൂഡല്‍ഹി: സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് ഡയറക്ടറാകേണ്ടത് എന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം.
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക പോലുള്ള സുപ്രധാനമായ തസ്തികയില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒരു കാരണവശാലും പോത്സാഹിപ്പിക്കുന്ന പ്രശ്നമില്ലന്നും പേഴ്സണല്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
രണ്ട് കേഡര്‍ തസ്തികയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.
ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവയാണ് നിലവിലെ കേഡര്‍ തസ്തികകള്‍.
സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഓഫീസര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയുള്ളതിനാല്‍ സംസ്ഥാന പൊലീസ് ചീഫ് ബെഹ്റ കഴിഞ്ഞാല്‍ പിന്നെ സീനിയര്‍ ഋഷിരാജ് സിംഗാണ്. എക്സ് കേഡര്‍ തസ്തികയിലാണ് അദ്ദേഹമിപ്പോള്‍.
ജേക്കബ് തോമസിനെ പോലെയുള്ള മറ്റൊരു ‘അവതാരമായതിനാല്‍’ ഋഷിരാജിനെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് താല്‍പ്പര്യവുമില്ല.
ഇതാണിപ്പോള്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി തസ്തികയില്‍ നിന്നും എ.ഡി.ജി.പി തസ്തികയാക്കണമെന്ന കേരളത്തിന്റെ ആവശ്യം എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും പേഴ്സണല്‍ മന്ത്രാലയത്തിനുണ്ട്.
സി.ബി.ഐ ജോ. ഡയറക്ടര്‍ തസ്തികയില്‍ അടക്കം പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഋഷിരാജ് സിംഗ് സംസ്ഥാനത്തുണ്ടായിട്ടും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നിയമനങ്ങള്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെങ്കിലും കേഡര്‍ തസ്തികയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാറിന്റേതാണ്. ഇതില്‍ പിടിച്ച് സംസ്ഥാന സര്‍ക്കാറിനെ ‘വെള്ളം’ കുടുപ്പിക്കാനാണ് നീക്കം.
കേഡര്‍ റിവ്യൂ സമിതി ഇനി ചേരുന്നത് 2019ല്‍ മാത്രമാണ്. അതിനാല്‍ സംസ്ഥാനത്തിന്റെ അപേക്ഷ തന്നെ പ്രഹസനമായി മാറാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.
ലോക് നാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനവും വിജിലന്‍സ് മേധാവി സ്ഥാനവും ഒരേ സമയം വഹിക്കുന്നത് ചട്ടലംഘനമാണെന്ന് വിവാദമുയര്‍ന്നതിനാല്‍ പകരക്കാരനെ ഉടനെ തന്നെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് ഇപ്പോള്‍ അനിവാര്യമാണ്.
നിലവില്‍ ഡി.ജി.പിമാരായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്കിയ എ.ഹേമചന്ദ്രന്, മുഹമ്മദ് യാസിന്, എന്‍.ശങ്കര്‍ റെഡ്ഡി, ശ്രീലേഖ, ടോമിന് തച്ചങ്കരി, രാജേഷ് ദിവാന് തുടങ്ങിയവര്‍ക്കെല്ലാം കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ എ.ഡി.ജി.പിമാരുടെ ശമ്ബളമാണ് നല്‍കുന്നത്.
ഇവരില്‍ ആരെയെങ്കിലും വിജിലന്‍സ് ഡയറക്ടറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
എന്നാല്‍ ചട്ടവും നിയമവും ലംഘിച്ച് എന്തു നിയമനം നടത്തിയാലും ‘പണി’ കൊടുക്കാന്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയത്തിന്റെ തീരുമാനം.
