മോദി കെയര്‍ ബംഗാള്‍ നടപ്പാക്കില്ല

കൃഷ്ണനഗര്‍: പൊതുബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ച സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി (മോദി കെയര്‍)പശ്ചിമ ബംഗാള്‍ നടപ്പാക്കില്ല. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായി പദ്ധതി കേന്ദ്രം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം. ചൊവ്വാഴ്ച കൃഷ്ണനഗറില്‍ നടന്ന റാലിയിലാണ് മമത പദ്ധതിയോടുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

സംസ്ഥാനത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മനുഷ്യ വിഭവങ്ങള്‍ ഇത്തരമൊരു പദ്ധതിയിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മമത ചോദിച്ചു. പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്പ് സംസ്ഥാനങ്ങളോട് ആലോചിച്ചിരുന്നോ സംസ്ഥാനങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കിക്കോളാം മമത പറഞ്ഞു.

ബംഗാളില്‍ ഇപ്പോള്‍ തന്നെ സ്വാസ്ത്യ സതി എന്ന പേരില്‍ ആരോഗ്യരക്ഷാ പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാര്‍ തൊഴിലാളികളും അടക്കം 50 ലക്ഷം പേര്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടെന്നും മമത പറഞ്ഞു.

പത്തു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സും സൗജന്യമായി മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയാണ് ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ശരാശരി അഞ്ചു പേര്‍ക്ക് എന്ന കണക്കില്‍ അന്‍പത് കോടി ആളുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിന് പുറമേ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 1.5 ലക്ഷം സന്പൂര്‍ണ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അവശ്യ മരുന്നുകള്‍ക്ക് പുറമേ രോഗനിര്‍ണയവും ഇവിടെ സൗജന്യമായിരിക്കും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ രക്ഷാ പദ്ധതിയെന്നാണ് ജയ്റ്റ്‌ലി ഇതിനെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *