തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ഉണ്ടായ ആസിഡാക്രമണത്തില്‍ പ്രവാസിയായ യുവാവ് അറസ്റ്റില്‍. ആക്രമണകാരണം താന്‍ സ്നേഹിക്കുന്ന പെണ്ണ് നഷ്ടപെടരുതെന്ന തോന്നലില്‍.
കാട്ടാക്കട പന്നിയോട് സ്വദേശിയും സൗദിയിലെ ഒരു ഷിപ്പിംഗ് കമ്ബനിയിലെ ജീവനക്കാരനുമായ സുധീഷ് വേണുഗോപാല്‍ (28) ആണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ സുധീഷിന് യുവതിയെ ഇഷ്ടമായിരുന്നു. കല്ല്യാണം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് യുവതിയെ സമീപിച്ചിരുന്നെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. തുടര്‍ന്നും ഇയാള്‍ നിരവധി തവണ യുവതിയെ ശല്യപ്പെടുത്തി. ഇതിനിടെ മറ്റൊരു വിവാഹാലോചനയുമായി യുവതി മുന്നോട്ടുപോയതോടെ ഇയാള്‍ വിവാഹാലോചന മുടക്കാന്‍ വഴീ തേടി നടന്നു.
ആ സമയം പ്രതിക്ക് തോന്നിയ ആശയമായിരുന്നു ആസിഡ് ആക്രമണം. ഇതു വഴി യുവതിയുടെ മുഖം വികൃതമായാല്‍ യുവതിക്ക് പിന്നീട് ഒരു വിവാഹാലോചന ഉണ്ടാകില്ലെന്നും അപ്പോള്‍ താന്‍ വീണ്ടും ആലോചനയുമായി പോയാല്‍ തനിക്ക് തന്നെ യുവതിയെ ലഭിക്കുമെന്ന തോന്നലിലാണ് പ്രതി ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നത്.
കപ്പലുകളില്‍ ഉപയോഗിക്കുന്ന ആസിഡാണ് സുധീഷ് കൃത്യം നടത്താന്‍ ഉപയോഗിച്ചത് അതിനായി താന്‍ ജോലി ചെയ്യുന്ന കപ്പലില്‍ നിന്നും ആസിഡ് കൈക്കലാകിയിരുന്നു. എന്നാല്‍ ആസിഡുമായി വിമാനത്തില്‍ നാട്ടിലേക്ക് വരാന്‍ പറ്റില്ല എന്ന് മനസിലാക്കിയ സുധീഷ് കപ്പലില്‍ തന്നെയാണ് നാട്ടിലേക്ക് വന്നത്. തുടര്‍ന്ന് സുധീഷ് യുവതി സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ച് ആക്രമണം നടത്തുകയായിരുന്നു.
കുറ്റിച്ചലില്‍ ബസിറങ്ങിയ ശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയ്ക്ക് നേരെ, ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. എന്നാല്‍ യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖത്തേക്ക് ആസിഡ് പടരാതെ യുവതിയുടെ ദേഹത്തേക്കാവുകയാണുണ്ടായത്. ആക്രമണത്തില്‍ ദേഹത്ത് പൊള്ളലേറ്റ യുവതി നിലവിളിക്കുകയായിരുന്നു.യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍, യുവതിയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമണം നടത്തിയതാണ് എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്തെ സിസി ടിവി പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
