മലപ്പുറം-കേരള രാഷ്ട്രീയത്തില്‍ സി.പി.ഐയെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്കുന്ന സി.പി.എമ്മിന്റെ ശ്രമം. മലപ്പുറത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് സി.പി.ഐ. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നില്‍ സി.പി.എം. ആണെന്ന സംശയം ബലപ്പെടുകയാണ്. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സി.പി.ഐ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഒളിയമ്പിന് കാരണം.
മലപ്പുറത്ത് ആരംഭിച്ച സി.പി.ഐ. സമ്മേളനത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഭരണമുന്നണിയില്‍ സി.പി.എം. സ്വീകരിക്കുന്ന ഏകാധിപത്യ സ്വഭാവം, ഘടകകക്ഷികളുടെ വകുപ്പുകളില്‍ നടത്തുന്ന കൈകടത്തല്‍, മുന്നണിയെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍, സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐ. പ്രതിഷേധമറിയിച്ചു കഴിഞ്ഞു. കെ.എം.മാണിയെ മുന്നണിയില്‍ കൊണ്ടു വരുന്നത് സി.പി.ഐയെ ദുര്ബലപ്പെടുത്തുന്നതിനാണെനാണെന്ന സംശയവും സി.പി.ഐ. നേതാക്കള്‍ക്കുണ്ട്. സി.പി.ഐക്ക് നല്കുന്ന നിയമസഭാ സീറ്റുകളില്‍ ഒരു ഭാഗം കേരള കോണ്‍ഗ്രസിന് നല്‍കാനാണ് സി.പി.എം.ലക്ഷ്യമിടുന്നതെന്നതാണ് സി.പി.ഐയുടെ സംശയം. ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായാണ് സി.പി.ഐ.കാണുന്നത്.
സി.പി.ഐയിലെ വിഭാഗീയത മുതലെടുക്കാനും സി.പി.എം.ശ്രമം നടത്തുന്നുണ്ട്. കാനം രാജേന്ദ്രന് എതിരായി സി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തിന്റെ ഒത്താശയോടെയാണ് സി.പി.എമ്മിന്റെ ചരടുവലികള്‍ നടക്കുന്നത്. പൊന്തന്പുഴയില് വനം സ്വകാര്യ വ്യക്തി സ്വന്തമാക്കിയതിന് പിന്നില്‍ കാനം രാജേന്ദ്രന് അഴിമതി നടത്തിയെന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണം വന്നത് സി.പി.ഐ. സംസ്ഥാന സമ്മേളനം തുടങ്ങിയ ദിവസമാണെന്നത് ശ്രദ്ധേയമാണ്. ഈ ആരോപണത്തിന് പിന്നില്‍ സി.പി.എം.നേതൃത്വത്തിന്റെ താല്പര്യങ്ങളാണെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ കാനം രാജേന്ദ്രന് പക്ഷം സ്വന്തം പാര്‍ട്ടിയില്‍ സി.പി.എം.പിന്തുണയുള്ള വിമത വിഭാഗത്തെ ഈ സമ്മളനത്തോടെ അടിച്ചൊതുക്കുന്നതിനുള്ള കരുനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
