അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കുക; കരാറുകള്‍ കാലാനുസൃതമായി പുതുക്കുക: സിപിഐ

മലപ്പുറം:  അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാനും കരാറുകള്‍ കാലാനുസൃതമായി പുതുക്കാനും ജലസമ്പത്ത് ശരിയായി വിനിയോഗിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

കാസര്‍ഗോഡ് ജില്ലയുടെ കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുന്നതാണ് പയസ്വിനിപ്പുഴയിലെ ജലം. കര്‍ണ്ണാടകയിലെ സുള്ളായില്‍ തടയണ കെട്ടി തടഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി, പനമരം, ബാലവലി പുഴകള്‍ യോജിച്ച് കബനി നദിയായി കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നുണ്ട്.

പാമ്പാറില്‍ 3 ടി.എം.സി.യിലധികം ജലം ഇപ്പോള്‍ തമിഴ്‌നാടാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
കാവേരി ജലം പങ്കുവഹിക്കുന്നതിനുള്ള ട്രൈബ്യൂണല്‍ – സുപ്രീംകോടതി വിധികള്‍ വന്നുകഴിഞ്ഞു. കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കക്ഷികളായ ഈ കേസില്‍ കേരളം മൂന്നാം കക്ഷിയാണ്. 99.8 ടി.എം.സി. ജലമാണ് ആവശ്യപ്പെട്ടിരുന്നത്. 2007 ല്‍ 30 ടി.എം.സി. ജലം ട്രൈബ്യൂണല്‍ അനുവദിച്ചതുമാണ്.

ഇപ്പോള്‍ സുപ്രീംകോടതി വിധിയില്‍ 6 ടി.എം.സി. യാണ് അംഗീകരിച്ചിട്ടുള്ളത്. ഈ ജലം പോലും ലഭ്യമാക്കാനും വിനിയോഗിക്കാനും സംവിധാനങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ല. ഇതിനായി ആവിഷ്‌ക്കരിച്ച പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി കേന്ദ്രമായ അട്ടപ്പാടിയിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന എ.വി.ഐ.പി.യുടെ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയുമാണ്.

പറമ്പിക്കുളം – ആളിയാര്‍ കരാര്‍ കേരളവും തമിഴ്‌നാടും തമ്മില്‍ 1970കളില്‍ ഒപ്പുവച്ചതാണ്. ഈ കരാര്‍ പ്രകാരം ലഭിക്കേണ്ട 7.25 ടി.എം.സി. ജലം നല്‍കുന്നതിന് തമിഴ്‌നാട് തയ്യാറാവുന്നില്ല. നിയമവിരുദ്ധമായി പുതിയ കനാലുകള്‍ നിര്‍മ്മിച്ച് ജലം വഴിതിരിച്ചുവിടുകയും ചെയ്യുന്നു. 30 വര്‍ഷം കഴിഞ്ഞാല്‍ കരാര്‍ പുതുക്കണമെന്നും ഏതെങ്കിലും ഒരു സംസ്ഥാന ആവശ്യപ്പെട്ടാലും പുനരവലോകനം ചെയ്യണമെന്നും കരാറില്‍ വ്യവസ്ഥകളുണ്ടായിട്ടും തമിഴ്‌നാടിന്റെ നിസ്സഹകരണത്താല്‍ കരാര്‍ പുതുക്കാനും കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് കൃഷിയുണക്കത്തിനും നിരവധി കുടിവെള്ള പദ്ധതികളുള്ള ഭാരതപ്പുഴ വറ്റിവരളാനും കാരണമായിരിക്കുകയാണ്. ഗുരുതരമായ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേവലം കാഴ്ച്ചക്കാരായി മാറിനില്‍ക്കുകയാണ്. ഇത്തരം അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ പരിഹരിക്കാനും കരാറുകാര്‍ കാലാനുസൃതമായി പുതുക്കാനും നടപടികള്‍ സ്വീകരിച്ച് ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

44 നദികളും സമ്പന്നമായ ജലസമ്പത്തും ശരിയായി സംരക്ഷിക്കാനും വിനിയോഗിക്കാനും ഇപ്പോള്‍ സംവിധാനങ്ങളില്ല. രൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ജലസമ്പത്ത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ നയം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *