മലപ്പുറം: ജില്ലയില്‍ 2.36 ലക്ഷം പേര്‍ക്ക് 68.26 കോടി രൂപ പെന്‍ഷന്‍ കുടിശിക വിതരണം
ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 33 ലക്ഷം പേര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ചെക്ക് വിതരണത്തിന്റെയും പ്രവാസി വകുപ്പ് നല്‍കുന്ന ധനസഹായ വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011ല്‍ 13 ലക്ഷം പേര്‍ക്കാണ് ധനസഹായം ലഭിച്ചതെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ട് അത് 33 ലക്ഷമായി ഉയര്‍ത്താന്‍ കഴിഞ്ഞു. വാര്‍ധക്യ പെന്‍ഷന്‍ 400 രൂപ നല്‍കിയിരുന്നത് 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 1200 രൂപയായും അല്ലാത്തവര്‍ക്ക് 600 രൂപയായും ഉയര്‍ത്തി. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള പെന്‍ഷന്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. പോസ്റ്റ് ഓഫീസ് വഴി ധനസഹായം നല്‍കിയിരുന്നവര്‍ക്ക് സാങ്കേതിക തടസ്സങ്ങള്‍ കാരണം നല്‍കാന്‍ കഴിയാതിരുന്ന 2015 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ധനസഹായത്തിന്റെ വിതരണോദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടിക്ക് ചെക്ക് നല്‍കി മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. 68,26,92,800 രൂപയുടെ ധനസഹായമാണ് വിവിധ ജനപ്രതിനിധികള്‍ക്ക് കൈമാറിയത്. ജനപ്രതിനിധികള്‍ തുക ഗുണഭോക്താക്കള്‍ക്ക് കൈമാറും. ജില്ലയില്‍ 2,36,465 ഗുണഭോക്താക്കള്‍ക്കാണ് ഇത് വിതരണം ചെയ്യുക.
വിദേശത്തു നിന്നും മടങ്ങിയെത്തി ധനസഹായത്തിനായി അപേക്ഷിച്ച 417 പേര്‍ക്കാണ് പ്രവാസി വകുപ്പിന്റെ ഭാഗമായ നോര്‍ക്ക റൂട്‌സ് അനുവദിച്ച തുക ലഭ്യമാകുക. ഒരു കോടി 98 ലക്ഷം രൂപയുടെ ധനസഹായമാണ് ഇവര്‍ക്ക് ലഭിക്കുക. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, നോര്‍ക്ക റൂട്‌സ് സി.ഇ.ഒ. ആര്‍.എസ്. കണ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
