ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരജ്യോതി ഇന്‍ഷുറന്‍സ്

ഇടുക്കി: ജില്ലയിലെ ക്ഷീരകര്‍ഷകരെയും കുടുംബാംഗങ്ങളെയും കറവപശുക്കളെയും ക്ഷീരസംഘം ജീവനക്കാരെയും ഒരുപോലെ ഉള്‍പ്പെടുത്തി കുറഞ്ഞപ്രീമിയത്തില്‍ പരിരക്ഷ നല്കുന്ന ക്ഷീരജ്യോതി ഇന്‍ഷുറന്‍സ് പദ്ധതി ക്ഷീര വികസന വകുപ്പും, ക്ഷീരസഹകരണ സംഘങ്ങളും ചേര്‍ന്ന് നടപ്പാക്കുന്നു. ഗോസുരക്ഷ പോളിസി, അപകടസുരക്ഷ പോളിസി, ആരോഗ്യ സുരക്ഷ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുടങ്ങീ എല്ലാ പോളിസികളും ഒറ്റ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിലൂടെ ലഭിക്കുന്നു എന്നതാണ് ക്ഷീരജ്യോതിയുടെ പ്രത്യേകത. ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത സംരഭമാണ് ക്ഷീരജ്യോതി. ന്യൂ ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെയും എല്‍ ഐ സി യുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംഘങ്ങളില്‍ പാല്‍ നല്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗങ്ങളാവാം. പാല്‍ അളക്കുന്നതനുസരിച്ചാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

പ്രീമിയത്തിന്റെ 10 ശതമാനം മുതല്‍ സംഘമാണ് അടയ്ക്കുന്നത്. ജനുവരി ഒന്നുമുതല്‍ കര്‍ഷകര്‍ സംഘത്തില്‍നിന്ന് വാങ്ങുന്ന കാലിത്തീറ്റയുടെ ലാഭവിഹിതത്തിന്റെ പകുതിയും ഇന്‍ഷുറന്‍സ് പ്രീമിയത്തിലേയ്ക്ക് ചേര്‍ക്കും. ഇതിലൂടെ മുഴുവന്‍ കാലിത്തീറ്റയും സംഘത്തില്‍ നിന്ന് വാങ്ങുന്ന കര്‍ഷകന് തുടര്‍ വര്‍ഷങ്ങളില്‍ പ്രീമിയം തുക അടയ്‌ക്കേണ്ടി വരുന്നില്ല. കറവമാടിനെ ഇന്‍ഷുര്‍ ചെയ്യുന്നതിന് ഒരു രജിസ്റ്റേര്‍ഡ് വെറ്റിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാവും. മറ്റ് ഇന്‍ഷുറന്‍സുകളില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാന്‍ പ്രത്യേകം ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ട. ഗോസുരക്ഷ പോളിസിയില്‍ 40,000 രൂപമുതല്‍ കുറഞ്ഞപ്രീമിയത്തില്‍ കറവമാടുകളെ ഇന്‍ഷുര്‍ ചെയ്യാം. പശുക്കള്‍ക്ക് ചികിത്സാ ചിലവായി ഒരുവര്‍ഷം രണ്ടുതവണ 1500 രൂപ വീതം ആകെ 3000 രൂപ ലഭിക്കും. ഈ പദ്ധതി അനുസരിച്ച് ഇന്‍ഷുര്‍ ചെയ്ത കറവമാട് ചത്തുപോവുകയാണെങ്കില്‍ 100 ശതമാനവും പരിരക്ഷ തുകയും രോഗബാധിതമാവുകയാണെങ്കില്‍ 75 ശതമാനം തുകയും ലഭിക്കും.

ആരോഗ്യ സുരക്ഷാ പോളിസി ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും പ്രായപരിധിയില്ലാതെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണ്. 50,000 രൂപ മുതല്‍ 1.4 ലക്ഷം രൂപവരെ കുറഞ്ഞ പ്രീമിയത്തില്‍ ചികിത്സ ചിലവുകള്‍, തുടര്‍ചികിത്സ ചിലവുകള്‍, കിടത്തി ചികിത്സയ്ക്ക് ആവശ്യമായ ചിലവ് എന്നിവ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. സൗജന്യ ചികത്സ ലഭ്യമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. അപകട സുരക്ഷപോളിസിയില്‍ അപകടമരണം സംഭവിക്കുന്ന പോളിസി ഉടമയുടെ മക്കള്‍ക്ക് ക്‌ളെയിം തുക കൂടാതെ 50,000 രൂപ വരെ പഠന സ്‌കോളര്‍ഷിപ്പും ലഭിക്കും. അപകടങ്ങളില്‍പ്പെട്ട് അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് 50 ശതമാനം പരിരക്ഷയും ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ കര്‍ഷകന് സ്വാഭാവിക മരണം സംഭവിച്ചാല്‍ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും കുടുംബത്തിന് ലഭിക്കും. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന 15 വയസു മുതല്‍ 75 വയസുവരെ പ്രായമുള്ള എല്ലാ കര്‍ഷകര്‍ക്കും ക്ഷീരജ്യോതി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാവാം.

Leave a Reply

Your email address will not be published. Required fields are marked *