വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രനടി സ്റ്റോമി ഡാനിയല്സിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപിന്റെ പേഴ്സണല്‍ അറ്റോര്‍ണി മൈക്കിള്‍ കൊയന്. വെളിപ്പെടുത്താന്‍ പാടില്ലാത്ത കരാര്‍ 20 തവണ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊയെന്റെ മുന്നറിയിപ്പ്. രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുകയാണെന്ന് കൊയെന്റെ ലിമിറ്റഡ് ലയബിലിറ്റി കോര്പറേഷന് എസന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റസ് ഫെഡറല്‍ കോടതിയെ അറിയിച്ചു.
പ്രസിഡന്റ് ട്രംപുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ നടിയുമായി രഹസ്യകരാറുണ്ടാക്കിയിരുന്നെന്നും ട്രംപിനെ പ്രതിനിധീകരിക്കുന്ന കൊയെന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. അതേസമയം, കോടികളുടെ നഷ്ടപരിഹാരവും അടച്ചിട്ട കോടതിമുറികളിലെ നിയമനടപടികളും തന്റെ കക്ഷിയെ നിശബ്ദയാക്കാനാണെന്ന് ഡാനിയേലയ്ക്കുവേണ്ടി ഹാജരായ മിഷേല്‍ അവെനാറ്റി കോടതിയില്‍ പറഞ്ഞു.
സ്റ്റോമി ഡാനിയല്‍സുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന വിവരം പുറത്തുവരാതിരിക്കാന്‍ ഡാനിയല്‍സിന് 1,30,000 ഡോളര്‍ ട്രംപ് നല്‍കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2006ല്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളില്‍ ട്രംപ്-മെലാനിയ ബന്ധത്തില്‍ വിള്ളല്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു. പ്ലേബോയ് മോഡല്കൂടിയായിരുന്ന മുപ്പത്തെട്ടുകാരിയായ സ്റ്റോമി ഡാനിയല്‍സ് 2016ല്‍ അഭിനയം അവസാനിപ്പിച്ചു.
അതേസമയം, ആരോപണങ്ങള്‍ വൈറ്റ്ഹൗസ് നിഷേധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 16 ലൈംഗികാരോപണങ്ങളാണ് അന്ന് ട്രംപിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ഇതെല്ലാം ട്രംപും അദ്ദേഹത്തിന്റെ അനുയായികളും തള്ളിക്കളയുകയാണുണ്ടായത്.
ഇവയെല്ലാം കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. അതില്‍ ചിലത് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാന്‍ ട്രംപ് ശ്രമം നടത്തിയെങ്കിലും ഒരു കേസ് മാത്രമാണ് അത്തരത്തില്‍ തീര്‍ക്കാനാനായത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ട്രംപിനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.
